ആറളം ഫാമിൽ എൻഐടി സംഘം പരിശോധന നടത്തി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ കാട്ടാന പ്രതിരോധ മതിൽ നിർമാണത്തിന് ശേഷം കാട്ടാനകൾ ഫാം ഏരിയയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എൻഐടി കോഴിക്കോടു നിന്നുള്ള സംഘം പരിശോധന നടത്തി. വളയംചാൽ റേഞ്ച് ഓഫീസ് പ്രവേശന കവാടത്തിന് സമീപം ചീങ്കണ്ണി പുഴ, ആറളം സെക്ഷൻ ഓഫീസിനടുത്ത് അയനക്കത്തോട് എന്നിവയ്ക്ക് കുറുകെയുള്ള പാലത്തിനു താഴെയും നൂതന ആന പ്രതിരോധ മാർഗങ്ങൾ സ്ഥപിക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന.
നിലവിൽ സ്ഥാപിച്ചിരിക്കുന്ന തൂക്കുവേലിയുൾപ്പെടെയുള്ള സംവിധാനങ്ങൾ മറികടന്ന് ആനകൾ മേഖലയിൽ പ്രവേശിക്കുന്നത് പതിവാണ്. ഇതിനെ പ്രതിരോധിക്കുന്നതിനായി എൻഐടി, കോഴിക്കോട് സിവിൽ എൻജിനിയറിംഗ് വിഭാഗം അസി. പ്രഫസർമാരായ എം. അബ്ദുൾ അക്ബർ, എസ്.എസ്. അജീഷ് എന്നിവരടങ്ങിയ വിദഗ്ധ സംഘം ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് എന്നിവരുമൊത്ത് ഫീൽഡ്തല പരിശോധന നടത്തി.
