സിഗ്നൽ സംവിധാനങ്ങൾ കണ്ണടച്ചു;വിഷുത്തിരക്കിൽ കുരുങ്ങി ഇരിട്ടി

Share our post

ഇരിട്ടി : വിഷുത്തിരക്കിനിടയിൽ നഗരത്തിലെ സിഗ്നൽ സംവിധാനങ്ങൾ പണിമുടക്കിയതോടെ നഗരം ഗതാഗതക്കുരുക്കിൽ മുങ്ങി. ഇരിട്ടി നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന കവലകളായ പയഞ്ചേരിയിലും ഇരിട്ടി പുതിയ പാലത്തിലും സ്ഥാപിച്ച സിഗ്നൽ സംവിധാനങ്ങളാണ് ഒരാഴ്ചയിലധികമായി പണിമുടക്കിയത്. ഇതോടെ നഗരത്തിലേക്ക് തോന്നിയപോലെ വാഹനങ്ങൾ പ്രവേശിക്കാൻ തുടങ്ങി. പയഞ്ചേരി കവലയിലും പുതിയപാലം കവലയിലും ഗതാഗതസ്തംഭനമുണ്ടായി. ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര പോലീസ് സംവിധാനങ്ങളും ഇല്ല. ഇരിട്ടി മേലെ സ്റ്റാൻഡിൽനിന്ന്‌ പയഞ്ചേരിയിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം താണ്ടാൻ അരമണിക്കൂറോളം വേണ്ട അവസ്ഥയായിരുന്നു.

കണ്ണൂർ-തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളും പേരാവൂർ-മാനന്തവാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കൂട്ടുപുഴ-മൈസൂരു ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും കടന്നുപോകുന്ന കവലയാണ് പയഞ്ചേരിയിലേത്. ഇവിടെ സാധാരണ സമയങ്ങളിൽ പോലും വലീയ ഗതാഗതക്കുരുക്കും അപകടവും പതിവായതോടെയാണ് സിഗ്നൽസംവിധാനം സ്ഥാപിച്ചത്. സിഗ്നൽ തെളിയാഞ്ഞതിനാൽ അപകടവും ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ചില സമയങ്ങളിൽ സിഗ്നൽ പെട്ടെന്ന് തെളിയുന്നുണ്ടെങ്കിലും 10 സെക്കൻഡ് കൊണ്ട് നിലയ്ക്കും. ഇത് അപകടത്തിനും വഴിവെക്കും. തളിപ്പറമ്പ്-ഉളിക്കൽ ഭാഗങ്ങളിൽ നിന്നും കൂട്ടുപുഴ, എടൂർ ഭാഗങ്ങളിൽനിന്നും വരുന്ന വാഹനങ്ങളും ഇരിട്ടിയിൽ നിന്നും ഈ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങളും പാലംകവലയിൽ സാധാരണ ദിവസങ്ങളിൽ പോലും ഗതാഗതസ്തംഭനത്തിന് വഴിവെക്കുന്നു. ആഘോഷകാലം കൂടിയായതോടെ മലയോരമേഖലയിൽനിന്നും വൻതോതിൽ ചെറിയ വാഹനങ്ങൾ നഗരത്തിലേക്ക് എത്തുന്നതോടെ കുരുക്ക് രൂക്ഷമാകുന്നു.

ഓട്ടോറിക്ഷകാർക്ക് വലീയ ദുരിതവും സാമ്പത്തികനഷ്ടവും

ഗതാഗതക്കുരുക്ക് മൂലം ഏറെ കഷ്ടപ്പെടുന്നത് നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. മിനിമംചാർജിനുള്ള ഓട്ടത്തിനായി ഒരാൾ ഓട്ടോ പിടിച്ചാൽ കുരുക്കിൽപെട്ട് ലക്ഷ്യസ്ഥാനത്ത് എത്തി തിരിച്ചുവരുമ്പോഴേക്കും ഒരു മണിക്കൂറിലധികം സമയം എടുക്കും.

ചെറിയ വരുമാനത്തിനായി മണിക്കൂറുകളോളം സമയം എടുക്കുമ്പോൾ ഏഴും എട്ടും മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന വരുമാനം ഇപ്പോഴത്തെ ചൂടിൽ കുടിവെള്ളം പോലും വാങ്ങാൻ തികയില്ലെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നത്. ഇതോടൊപ്പം വാഹനം നിർത്തിനിർത്തി പോകുന്നത് മൂലം ഉണ്ടാകുന്ന ഇന്ധനനഷ്ടവും ഇതിലും ഏറെയാണ്. അല്പം വരുമാനം ഉണ്ടാക്കേണ്ട സമയത്ത് കരുക്ക് ഉണ്ടാകുന്ന പൊല്ലാപ്പ് എല്ലാവരേയും ഒരുപോലെ ബാധിക്കുന്നു. നഗരത്തിൽ കൂടുതൽ പോലീസ് സംവിധാനം ഏർപ്പെടുത്തുകയും സിഗ്നൽ പുനഃസ്ഥാപിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!