അഴീക്കൽ സിൽക്കിൽ കപ്പൽ പൊളിക്കാൻ വീണ്ടും എത്തുന്നു

Share our post

അഴീക്കോട് : പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) പൊളിക്കാൻ ഒരു കപ്പൽകൂടി എത്തുന്നു. ലക്ഷദ്വീപിൽനിന്നുള്ള പാസഞ്ചർ കാർഗോ കപ്പലാണ് കൊണ്ടുവരുന്നത്. 800 ടൺ ഭാരമുള്ള കപ്പലിന് 68 മീറ്റർ നീളമുണ്ട്. ആലപ്പുഴയിലെ ഏജൻസി വിലക്കെടുത്ത് എത്തിക്കുന്ന കപ്പൽ പൊളിക്കാനുള്ള കടലാസുപണികൾ നടന്നുവരുന്നു. തുറമുഖ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മാരിടൈം ബോർഡ്, ജലമലിനീകരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളുടെ അനുമതി ഉടൻ പൂർത്തിയാക്കി അടുത്തമാസം മധ്യത്തോടെ അഴീക്കലിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഒടുവിൽ 2024 ഏപ്രിൽ ആറിനാണ് അന്തർവാഹിനി പൊളിക്കാൻ അഴീക്കൽ സിൽക്കിൽ കൊണ്ടുവന്നത്. സിന്ധുദ്വാജ് എന്ന അന്തർവാഹിനിക്കപ്പൽ ഇന്ത്യൻ നാവികസേന 30 വർഷക്കാലം യുദ്ധത്തിൽ മുങ്ങിക്കപ്പലായി ഉപയോഗിച്ചിരുന്നതാണ്. ഇതിന് 70 മീറ്റർ നീളവും 40 മീറ്റർ വീതിയുമുണ്ട്. ചെറു പാളികളാക്കി അത് സ്‌ക്രാപ്പാക്കി കൊണ്ടുപോയി. നാല് മാസംകൊണ്ടാണ് പൊളിച്ചുതീർന്നത്.

കപ്പൽ കൊണ്ടുവന്നാൽ സിൽക്ക് ഉപകരാർ നൽകി പൊളിക്കുകയാണ് പതിവ്. ഒരു കപ്പൽ പൊളിയിൽ 25 ലക്ഷത്തിലധികം വരുമാനം സിൽക്കിന് ലഭിക്കുമെന്നാണ് പറയുന്നത്. കപ്പലിന്റെ വലിപ്പച്ചെറുപ്പമനുസരിച്ചായിരിക്കുമിത്. സിൽക്കിൽ സ്റ്റീൽ യാത്രാ, ആഡംബര ബോട്ടുകൾ, തീരദേശ പോലീസിന് ഇൻറർസെപ്ടർ ബോട്ടുകൾ നിർമിക്കുന്നുണ്ടെങ്കിലും കപ്പൽ പൊളിയിലൂടെയാണ് വൻ വരുമാനം ഉണ്ടാക്കുന്നത്. ഇടക്കാലത്ത് സ്‌ക്രാപ്പ് വില കുറഞ്ഞത് കപ്പൽ പൊളിക്കലിന് പ്രഹരമായി. അതിനാൽ രണ്ട് വർഷമായി കപ്പൽ പൊളിക്കാൻ കൊണ്ടുവന്നില്ല. ഇപ്പോൾ പോലീസിനുവേണ്ടി ഇൻ്റർസെപ്‌ടർ ബോട്ടിന് ഓർഡർ കിട്ടിയിട്ടുണ്ട്

വരുന്നൂ….. വെഹിക്കിൾ സ്‌ക്രാപ്പ് ഫെസിലിറ്റി

സിൽക്കിൽ പുതിയൊരു സംരംഭം കൂടി അടുത്തുതന്നെ ആരംഭിക്കുകയാണ്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുകൊടുക്കുന്ന യൂണിറ്റാണിത്. പഴക്കമുള്ള കാർ, ലോറി അടക്കമുള്ള ചെറുവാഹനങ്ങൾ പൊളിക്കാനായി സിൽക്കിൽ ഇതിനകം എത്തിച്ചുകഴിഞ്ഞു.

ആർ.ടി.എ. നേരിട്ട് സിൽക്കിൽ എത്തിക്കുകയാണ്. സിൽക്ക് പണം നൽകി ഏറ്റെടുക്കും. പൊളിച്ചുകൊടുക്കുന്നതുവഴി സിൽക്കിന് വൻ വരുമാനവും ലഭിക്കും. ഈ സംരംഭത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

വാഹനം പൊളിക്കുന്ന മെഷീൻ സ്ഥാപിക്കാൻ സർവീസ് സ്റ്റേഷൻ വേണം. വളപട്ടണം പുഴക്കരയിലാണ് സിൽക്ക് ഉള്ളത്. തീരദേശ പരിപാലന നിയമപ്രകാരമേ അത് നിർമിക്കാൻ പറ്റൂ. അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്ന് സിൽക്ക് മാനേജർ പി.എസ്. പ്രശോഭ് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!