ഡപ്യൂട്ടി കലക്ടറായി സിപിഎം നേതാവിന്റെ ഭാര്യ; കണ്ണൂരിൽ അട്ടിമറിശ്രമമെന്ന് കോൺഗ്രസ്
കണ്ണൂർ ∙ പ്രത്യേക തസ്തിക സൃഷ്ടിച്ച് സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥർക്കുമാത്രം നിയമനം നൽകി കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് എട്ട് ദിവസം മുൻപ് ഇലക്ഷൻ ഡപ്യൂട്ടി കലക്ടറായി തിരുവനന്തപുരത്തെ സിപിഎം നേതാവ് ഷിജുഖാന്റെ ഭാര്യയെ നിയമിച്ചതുമുതൽ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉദ്യോഗസ്ഥനിയമനം ആരംഭിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയനീക്കങ്ങൾക്കു കലക്ടർ ഒത്താശ ചെയ്യുകയാണ്. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്ന് മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.
വോട്ടെടുപ്പിനു മുന്നോടിയായി കൈക്കൊണ്ട ഭരണപരമായ തീരുമാനങ്ങൾ പരിശോധിച്ചാൽ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചന നടന്നതായി വ്യക്തമാകും. തിരഞ്ഞെടുപ്പു കമ്മിഷൻ നിരീക്ഷകർക്കുള്ള ലെയ്സൺ ഓഫിസർമാരായി എൽഡിഎഫ് അനുകൂല സംഘടനകളിൽപെട്ടവർക്കു മാത്രം നിയമനം നൽകി. ചെലവുനിരീക്ഷകരുടെ ലെയ്സൺ ഓഫിസർമാരായി കലക്ടർ നിയമിച്ചത് കണ്ണൂർ സർവകലാശാലയിലെ അനധ്യാപക സംഘടനയിലെ അംഗങ്ങളെയാണ്. പയ്യന്നൂരിൽ സിപിഎം വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് കള്ളവോട്ട് നടത്താൻ ആസൂത്രണം ചെയ്യുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.
