ഇന്ന് ലോക ഹൃദയ ദിനം: ഹൃദയ സംരക്ഷണത്തിന് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഇന്ന് സെപ്റ്റംബർ 29, ലോകഹൃദയദിനം. ഹൃദ്രോഗങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് 2000ൽ വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും ഈ ദിനാചരണത്തിന് തുടക്കമിട്ടത്. “ഒരു ബീറ്റ് നഷ്ടപ്പെടുത്തരുത്” എന്നതാണ് ഈ വർഷത്തെ തീം.
ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങൾ കൂടി വരികയാണ്. പലപ്പോഴും ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തതാണ് മരണസംഖ്യ കൂടാനുള്ള കാരണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്ന ആന്തരീകാവയവമായ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ ശരീരം നമ്മുക്ക് ചില മുന്നറിയിപ്പുകൾ തരാറുണ്ട്. ഹൃദയാരോഗ്യം തകരാറിലാകുമ്പോൾ ശരീരം കാണിക്കുന്ന ഒമ്പത് പ്രധാന ലക്ഷണങ്ങളെക്കുറിച്ചാണ് ഡോ. സുധാംശു റായ് മുന്നറിയിപ്പ് തരുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. തലകറക്കവും അസ്വസ്ഥതയും
ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാകുമ്പോൾ തലച്ചോറിലേക്ക് ആവശ്യത്തിന് ഓക്സിജൻ അടങ്ങിയ രക്തം എത്താതെ വരും. ഇതുവഴി നിങ്ങൾക്ക് തലകറക്കമോ ബോധക്ഷയമോ വരാൻ പോകുന്നെന്ന തോന്നലുണ്ടാകാം. ചെറുതായി വ്യായാമം ചെയ്യുമ്പോഴോ സാധാരണ സമയത്തോ ഇടയ്ക്കിടെയോ തോന്നുന്നുണ്ടെങ്കിൽ ഗൗരവമായി തന്നെ എടുത്തിരിക്കണം.
2. ഉറക്കമില്ലായ്മയും ശ്വാസംമുട്ടലും
രാത്രിയിൽ നിരന്തരം ഉറക്കത്തിൽ നിന്ന് ഉണരുക, ചുമ, ശ്വാസംമുട്ടൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവയും ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. കിടക്കുമ്പോൾ ശരീരത്തിലെ ദ്രാവകങ്ങൾ സ്ഥാനം മാറുന്നതാണ് ശ്വസനത്തെ ബാധിച്ച് ഉറക്കത്തിന് തടസമാകുന്നത്.
3. നെഞ്ചിലെ അസ്വസ്ഥത
ഹൃദയം തകരാറിലാകുന്നെന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചിൽ അനുഭവപ്പെടുന്ന ഭാരം, വലിഞ്ഞുമുറുകൽ അല്ലെങ്കിൽ കുത്തുന്നതുപോലുള്ള വേദന. ചിലപ്പോൾ ഇത് ഗ്യാസ് ട്രബിൾ ആയിരിക്കാം. പലരും ഇതാണെന്ന് കരുതി അവഗണിക്കുകയാണ് പതിവ്. എന്ത് തരത്തിലുള്ള നെഞ്ച് വേദനയാണെങ്കിലും ഒരിക്കലും അവഗണിക്കരുത്.
4. സാധാരണ ജോലികൾ ചെയ്യുമ്പോൾ പോലും ക്ഷീണം തോന്നുന്നത്
പടികൾ കയറുമ്പോഴോ ചെറിയ ദൂരം നടക്കുമ്പോഴോ വീട്ടുകാര്യങ്ങൾ ചെയ്യുമ്പോഴോ ക്ഷീണവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ എപ്പോഴും തുടരെ തുടരെ കഠിനമായ ക്ഷീണമുണ്ടാകുന്നത് ശ്രദ്ധിക്കണം. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്നതിന്റെ ലക്ഷണമാകാം ഇത്.
കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പെട്ടെന്ന് 2, 3 കിലോഗ്രാം ഭാരം കൂടുന്നത് കൊഴുപ്പ് കൂടിയത് കൊണ്ടാണെന്ന് പലരും വിശ്വസിച്ച് അത് തള്ളിക്കളയാറുണ്ട്. എന്നാൽ യഥാർഥ കാരണം അതാവില്ല. ശരീരത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ടാണെന്ന സാധ്യതയും തള്ളിക്കളയരുത്. ഹൃദയം രക്തം ശരിയായി പമ്പ് ചെയ്യാതിരിക്കുമ്പോൾ വൃക്കകൾക്ക് ദ്രാവകങ്ങൾ കൃത്യമായി പുറന്തള്ളാൻ കഴിയാതെ വരുന്നത് വഴിയും ശരീരഭാരം കൂടുമെന്നും ഓർത്തിരിക്കണം.
6. വിട്ടുമാറാത്ത ചുമയും ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദവും
വെളുത്തതോ പങ്ക് നിറത്തിലുള്ളതോ ആയ പതഞ്ഞ കഫത്തോടെയുള്ള വിട്ടുമാറാത്ത ചുമ വരുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചിരിക്കണം. കഫം കൊണ്ട് മാത്രമായിരിക്കുമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിന്റെ സൂചനയാകാം ഇത്.
7. ക്രമരഹിതമായ ഹൃദയസ്പന്ദനം
ഹൃദയം അതിവേഗം മിടിക്കുകയോ, പൾസ് റേറ്റ് തുള്ളിപ്പോവുകയോ ചെയ്യുന്ന അവസ്ഥയാണ് പാൽപിറ്റേഷൻ. രക്തയോട്ടം കുറയുമ്പോൾ അത് പരിഹരിക്കാൻ ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കാൻ ശ്രമിക്കുന്നത് കാരണമാണിത് സംഭവിക്കുന്നത്. ഇത് അറിത്മിയ എന്ന അവസ്ഥയുടെ സൂചനയാകാം. അറിത്മിയ ഉള്ളവരിൽ ഹൃദയമിടിപ്പ് വളരെ വേഗത്തിലാകുകയോ, വളരെ പതുക്കെയാകുകയോ അല്ലെങ്കിൽ കൃത്യമായ താളമില്ലാതെ ക്രമരഹിതമാകുകയോ ചെയ്യാറുണ്ട്.
8. വിട്ടുമാറാത്ത ക്ഷീണവും ഊർജക്കുറവും
പലപ്പോഴും കഠിനമായ ജോലി ചെയ്തത് കൊണ്ടോ ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കൊണ്ടോ ഉറക്കക്കുറവ് കൊണ്ടൊക്കെ ക്ഷീണമൊക്കെ പലർക്കും തോന്നാറുണ്ട്. എന്നാൽ ആവശ്യത്തിന് വിശ്രമിച്ചിട്ടും വിട്ടുമാറാത്ത ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് ഹൃദയം കൃത്യമായി രക്തം എത്തിക്കാത്തതുകൊണ്ടാണെന്ന് മനസിലാക്കിയിരിക്കണം. അതായത് പേശികൾക്കും അവയവങ്ങൾക്കും ആവശ്യത്തിന് ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ ശരീരം തളരുന്നത് വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്.
9. കാൽപാദങ്ങളിലും കണങ്കാലുകളിലും വീക്കം
കാലുകളിൽ ഉണ്ടാകുന്ന വീക്കത്തെ മെഡിക്കൽ ഭാഷയിൽ പെരിഫറൽ എഡിമ എന്നാണ് അറിയപ്പെടുന്നത്. ഹൃദയത്തിന്റെ പമ്പിങ് കൃത്യമായി നടക്കാതെ വരുമ്പോൾ രക്തയോട്ടം തടസപ്പെടുകയും ദ്രാവകങ്ങൾ രക്തക്കുഴലുകളിൽ നിന്ന് പുറത്തുവന്ന് താഴത്തെ അവയവങ്ങളിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നത് വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്.
