ഫിറ്റ്‌നസ് പോലും കിട്ടില്ല, പഴയ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധം; ലഭ്യമാക്കാൻ സിയാം

Share our post

പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി വാഹന നിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം). സിയാമിന്റെ വെബ്‌സൈറ്റ് മുഖേന എച്ച്എസ്ആർപി രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിലൂടെയാണ് പഴയ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

മറ്റ് ഇടനിലക്കാരുടെ ഇടപെടലില്ലാതെ കുറഞ്ഞ തുകയ്ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനുള്ള സൗകര്യമാണ് സിയാം ഒരുക്കിയിരിക്കുന്നത്. 2019 ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യയിൽ ഇറങ്ങിയിട്ടുള്ള വാഹനങ്ങൾക്കെല്ലാം അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമായിരുന്നു. പിന്നീടാണ് പഴയ വാഹനങ്ങൾക്കും അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ വേണമെന്നുള്ള ആവശ്യം കേന്ദ്ര സർക്കാർ ഉന്നയിച്ചത്.

സിയാമിന്റെ https://www.siam.in എന്ന വെബ്‌സൈറ്റ് മുഖേനെയാണ് എച്ച്എസ്ആർപി ബുക്ക് ചെയ്യേണ്ടത്. വെബ്‌സൈറ്റിന്റെ വലത് വശത്തായി നൽകിയിട്ടുള്ള ബുക്ക് എച്ച്എസ്ആർപി എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്, എച്ച്എസ്ആർപി രജിസ്‌ട്രേഷനിൽ വിശദാംശങ്ങൾ നൽകണം. വാഹന ഉടമയുടെ പേര്, മൊബൈൽ നമ്പർ, സംസ്ഥാനം, ഇ-മെയിൽ, വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ, സിറ്റി എന്നിവയാണ് ഇവിടെ നൽകേണ്ടത്.

ഈ വിവരങ്ങൾ നൽകിയശേഷം സബ്മിറ്റ് ചെയ്ത് കഴിഞ്ഞാൽ അടുത്ത പേജിൽ വാഹനത്തിന്റെ ക്ലാസ്, വാഹന നിർമാതാവിന്റെ പേര് എന്നിവ നൽകണം. അതിനുശേഷം എച്ച്എസ്ആർപി ഏത് സ്ഥലത്തുനിന്നാണ് ഘടിപ്പിക്കേണ്ടതെന്നും വാഹന ഡീലറുടെ പേരും തിരഞ്ഞെടുക്കുക. ഇതിനുശേഷം നിശ്ചിത ഫീസ് അടയ്ക്കുകയും മൊബൈലിൽ ലഭിക്കുന്ന ഓടിപി നൽകി ആപ്ലിക്കേഷൻ പൂർത്തിയാക്കുകയും ചെയ്യാം.

എൽഎംവി (കാർ) വിഭാഗത്തിൽ വരുന്ന വാഹനങ്ങൾക്ക് ഒരു സെറ്റ് അതി സുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്ന ചാർജുകൾ ഉൾപ്പെടെ 600 രൂപ ഫീസും നികുതിയുമാണ് ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് ഇത് 300 രൂപയും നികുതിയുമാണ്. അപേക്ഷ നടപടികൾ പൂർത്തിയാക്കിയാൽ ഉടൻ എച്ച്എസ്ആർപി ഓർഡർ ചെയ്തതിന്റെ വിശദാംശങ്ങൾ എസ്എംഎസ് ആയി ലഭിക്കും. നമ്പർ ഡീലർഷിപ്പുകളിൽ എത്തുമ്പോഴും വാഹന ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും.

അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ വർഷങ്ങൾക്ക് മുമ്പുതന്നെ നിർബന്ധമാക്കിയിരുന്നുവെങ്കിലും കേരളത്തിൽ ഇത് നടപ്പായിരുന്നില്ല. ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനം മുമ്പും സിയാം നൽകിയിരുന്നുവെങ്കിലും ഇതിൽ കേരളത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, പഴയ വാഹനങ്ങൾക്ക് ഫിറ്റ്‌നെസ് ലഭിക്കുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം നടപ്പാക്കിയതിന് പിന്നാലെ അതിസുരക്ഷ നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തെ ടെസ്റ്റിന് പരിഗണിക്കാത്ത സാഹചര്യം ഉണ്ട്.

കർണാടക, തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ മുമ്പുതന്നെ പഴയ വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു. കേരളത്തിൽ ഈ നമ്പർ പ്ലേറ്റുകൾ നിർബന്ധമല്ലെങ്കിലും അതിർത്തി കടന്ന് ചെല്ലുന്ന കേരളത്തിലെ വാഹനങ്ങൾക്ക് എച്ച്എസ്ആർപി ഇല്ലെന്ന കാരണത്താൽ 3,000 രൂപ വരെ പിഴയിട്ട സംഭവങ്ങളും മുമ്പു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!