ഹലോ മൈനാഗപ്പള്ളി കെഎസ്ഇബിയാണോ… കറന്റ് പോയതിന് പാട്ടുപാടി പരാതി; ചിരിയടക്കാനാവാതെ ഉദ്യോഗസ്ഥൻ!
കൊല്ലം: കറന്റ് പോയാൽ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ച് ദേഷ്യപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, പരാതി പറയാൻ വിളിച്ച ഒരാൾ ഫോണിലൂടെ പെട്ടെന്നൊരു പാട്ടുപാടിയാലോ? അതും കറന്റ് പോയതിനെക്കുറിച്ച് തന്നെ! അത്തരത്തിലൊരു രസകരമായ ഫോൺ കോളിന്റെ ഓഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
“ഹലോ മൈനാഗപ്പള്ളി കെഎസ്ഇബിയാണോ, കെഎസ്ഇബിക്കാരാ ഞങ്ങടെ ആറ്റുപുറത്ത് കറന്റ് ഇല്ല…” എന്നുതുടങ്ങുന്ന വരികൾ വളരെ രസകരമായി ഈണത്തിൽ പാടിക്കൊണ്ടാണ് ഒരു വിരുതൻ മൈനാഗപ്പള്ളി കെഎസ്ഇബി ഓഫീസിലേക്ക് വിളിക്കുന്നത്. കളി കണ്ടുകൊണ്ടിരിക്കുന്നതിനിടെ കറന്റ് പോയതോടെയാണ് ഇയാൾ സ്വന്തമായി വരികൾ ഉണ്ടാക്കി കെഎസ്ഇബി ഉദ്യോഗസ്ഥനോട് കാര്യം അവതരിപ്പിച്ചത്.
സാധാരണ കറന്റ് പോകുമ്പോഴുള്ള പരാതിക്കാരുടെ രോഷവും ശകാരങ്ങളും മാത്രം കേട്ട് ശീലിച്ച ഉദ്യോഗസ്ഥൻ, ഈ പാട്ട് കേട്ട് ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നീട് ചിരിയടക്കാനാവാതെ പൊട്ടിച്ചിരിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്.
സംഗതി എന്തായാലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ കോൾ റെക്കോർഡിങ് ഇപ്പോൾ വൻ ഹിറ്റാണ്. കെഎസ്ഇബി ജീവനക്കാരുടെ കഠിനമായ ജോലിഭാരത്തിനിടയിൽ ഒരു നിമിഷമെങ്കിലും ആശ്വാസവും ചിരിയും നൽകിയ ഈ മൈനാഗപ്പള്ളിക്കാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്. കറന്റ് പോയാലും ഇനി ദേഷ്യപ്പെടാതെ ഇതുപോലെ പാട്ടുപാടി പരാതി പറയാമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന രസകരമായ കമന്റുകൾ.
