പോളണ്ടിലും അർമീനിയയിലും ജോലി വാഗ്ദാനം, തട്ടിയത് ലക്ഷങ്ങൾ; പാർവതിക്കെതിരെ കൂടുതൽ പരാതികൾ

Share our post

കൊച്ചി : വിദേശ ജോലിയുടെ േപരിൽ ലക്ഷങ്ങൾ തട്ടിച്ചെന്ന കേസിൽ അറസ്റ്റിലായ ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ പാർവതി മായ ഷാജി പൊലീസ് കസ്റ്റ‍ഡിയിൽ. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്. വിദേശത്ത് ഒളിവിലായിരുന്ന പാർവതി ഇന്നലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയോടെ കൊച്ചിയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. വിദേശ ജോലിയുടെ മറവിൽ ആസൂത്രിതമായ തട്ടിപ്പായിരുന്നു പാർവതിയും കൂട്ടരും നടത്തിയിരുന്നത് എന്ന് പരാതിക്കാരുടെ അഭിഭാഷകർ ആരോപിച്ചു.

പാർവതി പിടിയിലായെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. 2023–24 സമയത്താണ് ഇവർ ഭൂരിഭാഗം തട്ടിപ്പുകളും നടത്തിയിരിക്കുന്നത്. ഒട്ടേറെ പേരെ പോളണ്ട്, അർമീനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്ത് 1.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാങ്ങിയെന്ന പരാതികളാണ് പുറത്തു വരുന്നത്. എന്നാൽ, ഇവർക്കൊന്നും വിദേശത്തേക്ക് പോകാനായില്ല. വിദഗ്ധ തൊഴിലുകളിലൊന്നും പ്രാവീണ്യമില്ലാത്ത സാധാരണക്കാരായിരുന്നു ഇവരുടെ ഇരകളിൽ കൂടുതൽപേരുമെന്ന് പരാതിക്കാർ പറയുന്നു.

നൂറുകണക്കിനു പേരാണ് പാർവതിയുടെ തട്ടിപ്പിനിരയായത് എന്ന് പരാതിക്കാരുടെ അഭിഭാഷക പറഞ്ഞു. ‘ പത്തോ പതിനഞ്ചോ പേർ മാത്രമാണ് പരാതി നൽകിയത്. വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷക്കണക്കിന് രൂപ ഓരോരുത്തരിൽ നിന്നും പാർവതി തട്ടി. ഇതിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമാണ് ജോലി ലഭിച്ചത്. അതും ദുരിതപൂർണമായ ജോലിയായിരുന്നു. 20 മണിക്കൂറോളം ഖനികളിൽ ജോലി ചെയ്യേണ്ടിവന്നു. ഒരു നേരം പോലും ഭക്ഷണം കിട്ടാത്ത അവസ്ഥയായിരുന്നു. പലരും ജീവനുംകൊണ്ട് രക്ഷപ്പെട്ട് നാട്ടിൽ വരികയായിരുന്നു. കേരളത്തിൽ വിവിധയിടങ്ങളിൽ പാർവതിക്ക് ഓഫിസുണ്ട്. പണം തിരികെ ചോദിച്ചവരെയെല്ലാം ഗുണ്ടകളെക്കൊണ്ട് മർദിക്കും’–അഭിഭാഷക പറഞ്ഞു.

പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നിലവിൽ പാർവതി അറസ്റ്റിലായിട്ടുള്ളത്. തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമേനിയയിൽ പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തതാണ് ആദ്യ കേസ്. പണം നഷ്ടപ്പെട്ട യുവാവിന്റെ ഭാര്യ നൽകിയ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. പോളണ്ടിലെ വെയർഹൗസിൽ ജോലി വാഗ്ദാനം ചെയ്ത് കുന്നത്തുനാട് തിരുവാണിയൂർ സ്വദേശിയിൽ നിന്ന് 6.06 ലക്ഷം രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ കേസ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!