‘സൗജന്യം കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്നവർ ഒഴിവാക്കണം’; വിമർശനവുമായി സി ആർ മഹേഷ് എംഎൽഎ
കൊല്ലം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്ര, മന്ത്രിമാരുടെ വിദേശയാത്ര അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയരുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി ആര് മഹേഷാണ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. മറ്റുള്ളവരില്‍ നിന്ന് സൗജന്യങ്ങള്‍ കൈപ്പറ്റുന്നത് ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ഒഴിവാക്കണമെന്ന് സി ആര് മഹേഷ് പറഞ്ഞു. അധികാരമുണ്ടാകുമ്പോള് ഒരുപാട് പേര് സുഹൃത്തുക്കളാകാന്‍ വരും. പട്ടിണി കിടന്നപ്പോള്‍ ഒറ്റയ്ക്കായിരുന്നുവെന്നും സി ആര് മഹേഷ് പറഞ്ഞു. ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സി ആര് മഹേഷിന്റെ പ്രതികരണം.
ആഡംബര വാഹനങ്ങളുടെ പിന്നാലെ പോകുന്നത് സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല. അവരുടെ മനസില്‍ പ്രതിഷേധമുണ്ടാകും. തങ്ങളെല്ലാം സുഹൃത്തുക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. എന്നാല്‍ എല്ലാത്തിനും പരിധി വേണം. അബദ്ധം ആര്‍ക്കും സംഭവിക്കാവുന്നതാണ്. പക്ഷേ ഇങ്ങനെയുള്ളത് ഒഴിവാക്കണം. സുഹൃത്തുക്കളുടെ ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അവരുടെ ആഡംബര ഫ്ളാറ്റുകളില്‍ താമസിക്കുന്നതുമെല്ലാം ഉത്തരവാദപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ ഒഴിവാക്കുകതന്നെ വേണം. അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കാനെന്നും സി ആര് മഹേഷ് ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ സ്നേഹത്തോടെ ക്ഷണിക്കുമ്പോള്‍ യാത്രകള്‍ വേണ്ടിവരുമെന്നായിരുന്നു മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തില്‍ സി ആര് മഹേഷ് പ്രതികരിച്ചത്. ഇടത് സര്‍ക്കാരിന്റെ കാലത്ത് വിദേശയാത്ര പോകാത്ത ഏതെങ്കിലും മന്ത്രിമാരുണ്ടോയെന്ന് സി ആര് മഹേഷ് ചോദിച്ചു. എന്നാല്‍ മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങ വീണെന്ന് പറയുന്ന സ്ഥിതിയാണെന്ന് ഓര്‍ത്തുള്ള ജാഗ്രത വേണമെന്നും സി ആര് മഹേഷ് പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്രയും കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയും മന്ത്രിമാരുടെ വിദേശയാത്രയുമെല്ലാം വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. മലപ്പുറത്ത് മലവെള്ളപ്പാച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. സര്‍ക്കാരിന് അധിക ചെലവ് എന്ന രീതിയില്‍ വിമര്‍ശനമുയര്‍ന്നപ്പോള്‍ സ്പോണ്‍സറാണ് പണം ചെലവഴിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. ഇതോടെ ആ സ്പോണ്സര് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. ബുധനാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച ചോദ്യമുയര്‍ത്തിയപ്പോള്‍ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രി ചെയ്തത്. വിമാന യാത്രയ്ക്ക് സര്‍ക്കാരിന്റെ ഒരു രൂപ പോലും ചെലവായില്ലെന്നും മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്തുതന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കേണ്ടെന്നും സതീശന് പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ വാഹനം ഉപയോഗശൂന്യമെന്ന് പറഞ്ഞായിരുന്നു കെ എം ഷാജി സുഹൃത്തിന്റെ റേഞ്ച് റോവര്‍ ഉപയോഗിച്ചത്. സംഭവം പ്രതിപക്ഷം ഏറ്റെടുത്തതോടെ കെ എം ഷാജിക്ക് കാര്‍ തിരികെ നല്‍കേണ്ടി വന്നിരുന്നു. അധികാരത്തിലെത്തി മാസങ്ങള്‍ക്ക് മുന്‍പുതന്നെ മന്ത്രിമാരുടെ അടക്കം വിദേശയാത്ര സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കി. മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ എം ഷാജി, ഒ ജെ ജനീഷ്, വി ഇ അബ്ദുല്‍ ഗഫൂര്‍, എന്നിവരും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനി മോള് ഉസ്മാന്, റെജി ചെറിയാന് എംഎല്‍എ എന്നിവരായിരുന്നു വിദേശയാത്ര നടത്തിയത്. വിവാദങ്ങളിലെല്ലാം ന്യായീകരിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം സ്വീകരിച്ചത്.
