180 കി.മീ വേഗത്തിൽ കുതിച്ചുപാഞ്ഞ് പുതിയ വന്ദേ ഭാരത്: ട്രയൽ റൺ വിജയകരം; ഇനി നിർണായക പരിശോധനകൾ

Share our post

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പുതിയ വന്ദേ ഭാരത് ചെയർ കാർ റെയ്ക്ക് മണിക്കൂറിൽ 180 കിലോമീറ്റർ ഉയർന്ന വേഗതയിലെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. അന്തിമ വേഗത സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് മുന്നോടിയായി റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു സാങ്കേതിക പരിശോധനകൾ. നിശ്ചിത ഭാരവും എയർ സ്പ്രിങ്ങുകളും നിറച്ചുകൊണ്ടുള്ള ‘ലോഡഡ് ഓസിലേഷൻ ട്രയൽ’ ഉയർന്ന വേഗതയിൽ വിജയകരമായി പൂർത്തിയായെങ്കിലും ട്രെയിനിന്റെ റൈഡിങ് നിലവാരം, സ്ഥിരത, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായി കൂടുതൽ നിർണ്ണായക പരിശോധനകൾ ഇനി നടക്കാനുണ്ട്.

ഈ പരിശോധനയിൽ ഓസിലേഷൻ ട്രയൽ, കപ്ലർ ഫോഴ്സ് ട്രയൽ, എമർജൻസി ബ്രേക്കിങ് ട്രയൽ എന്നീ മൂന്ന് പ്രധാന ടെസ്റ്റുകളാണ് ഉൾപ്പെടുത്തിയത്. ലോഡഡ് ഓസിലേഷൻ പരിശോധന പൂർത്തിയായ പശ്ചാത്തലത്തിൽ, ഇനി ട്രെയിൻ ശൂന്യമായി ഇടുമ്പോഴുള്ള ‘എംപ്റ്റി-കണ്ടീഷൻ ഓസിലേഷൻ ട്രയൽ’ നടക്കേണ്ടതുണ്ട്. ആക്സിലറേഷനും ബ്രേക്കിങും നടക്കുമ്പോൾ കോച്ചുകൾക്കിടയിൽ ഉണ്ടാകുന്ന ബലങ്ങൾ വിലയിരുത്തുന്നതിനായി കപ്ലർ ഫോഴ്സ് പരിശോധനയും മണിക്കൂറിൽ 160 കിലോമീറ്റർവരെ വേഗതയിൽ സഞ്ചരിക്കുമ്പോഴുള്ള ബ്രേക്കിങ് പ്രകടനവും നിർത്തുന്ന ദൂരവും അളക്കുന്നതിനായി പരിശോധന നടക്കും.

ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള മോഡേൺ കോച്ച് ഫാക്ടറിയിലാണ് ഈ റെയ്ക്ക് നിർമിച്ചത്. സാങ്കേതിക മികവിനായി സിമൻസ് പ്രൊപ്പൽഷൻ സിസ്റ്റവും നോർ-ബ്രെംസെ ബ്രേക്കിങ് സിസ്റ്റവും ഘടിപ്പിച്ചിട്ടുള്ള ഈ വന്ദേ ഭാരത് റെയ്ക്കിൽ നിരവധി അത്യാധുനിക സുരക്ഷാ-യാത്രാ സൗകര്യങ്ങളുമുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ‘കവച്’ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം, സിസിടിവി ക്യാമറകൾ, എമർജൻസി അലാറം പുഷ് ബട്ടണുകൾ, പാസഞ്ചർ-ടു-ക്രൂ ടോക്ക്-ബാക്ക് യൂണിറ്റുകൾ എന്നിവ സുരക്ഷയ്ക്കായി ഇതിലുണ്ട്. കൂടാതെ, തീപ്പിടിത്തം കണ്ടെത്തുന്നതിനും അണയ്ക്കുന്നതിനുമുള്ള സംവിധാനങ്ങൾ, സെൻട്രലി കൺട്രോൾഡ് ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.

മണിക്കൂറിൽ 180 കി.മീ വേഗതയിലുള്ള ലോഡഡ് ട്രയൽ റൺ പൂർത്തിയായത് സുപ്രധാന നാഴികക്കല്ലാണെങ്കിലും ഇത് റെയ്ക്കിന് അന്തിമ വേഗതാ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് അർഥമാക്കുന്നില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശേഷിക്കുന്ന എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കി ആർ.ഡി.എസ്.ഒയുടെ ടെസ്റ്റിങ് ഡയറക്ടറേറ്റ് ഡാറ്റകൾ പൂർണമായി പരിശോധിച്ച് സാങ്കേതിക വിലയിരുത്തലുകൾ തൃപ്തികരമാണെന്ന് കണ്ടെത്തിയാൽ മാത്രമേ അന്തിമ സ്പീഡ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!