കര്‍ത്തയുടെ ഡയറിയില്‍ വി.ഡി.സതീശന്റെ പേരും; ഞെട്ടിക്കുന്ന രേഖകൾ പുറത്ത്
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ശശിധരന് കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും. ഡയറിയിലെ വിവരങ്ങള്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന് വാങ്ങിയെന്നാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മറ്റ് എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകള്‍ക്കൊപ്പമാണ് സതീശന്റെ പേരുള്ളത്. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകളിൽ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടതെന്ന് ഷോൺ ജോർജ് വ്യക്തമാക്കി. അതേസമയം ഡയറിയിൽ പിണറായി വിജയന്റെ പേര് പി.വി. എന്ന ചുരുക്കെഴുത്തിലല്ല പിണറായി എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഷോൺ ജോർജ് അവകാശപ്പെട്ടു.
മാസപ്പടി കേസിൽ ഇഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും ഷോൺ പറഞ്ഞു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദൻ, കെ. മുരളീധരൻ, സി.കെ. ചന്ദ്രപ്പൻ, എളമരം കരീം, ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, പി. രാജീവ്, ഷിബു ബേബി ജോൺ, കെ. ബി. ഗണേഷ് കുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ അടങ്ങിയ താളാണ് പുറത്തുവന്നിട്ടുള്ളത്.
