മഞ്ജു വാര്യര്‍ക്കെതിരായ തരംതാണ കോപ്രായങ്ങള്‍ അങ്ങേയറ്റം അപലപനീയം: വി ശിവന്‍കുട്ടി

Share our post

തിരുവനന്തപുരം: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തെ അപലപിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. നടി മഞ്ജു വാര്യര്‍ സ്വന്തം പ്രതിഭ കൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയര്‍ന്നുവന്ന നടിയാണെന്നും അവര്‍ക്കെതിരെ ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ അരങ്ങേറുന്ന തരംതാണ കോപ്രായങ്ങള്‍ അപലപനീയമാണെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

‘ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിര്‍ണ്ണയാവകാശത്തെയും പരസ്യമായി ചവിട്ടിമെതിക്കുന്ന ഇത്തരം ഹീനമായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഉയര്‍ന്നേ തീരൂ. ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ മൗലികാവകാശത്തിന്മേല്‍ കടന്നുകയറാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആര്‍ക്കും അവകാശമില്ല. ദശാബ്ദങ്ങളുടെ കഠിനാധ്വാനത്തെ തകര്‍ക്കാന്‍ കെട്ടുകഥകളിലൂടെയും ഡിജിറ്റല്‍ ഇടങ്ങളിലൂടെയും നടത്തുന്ന ഈ നീക്കം പച്ചയായ വ്യക്തിഹത്യയും കൊടിയ മാനസിക പീഡനവുമാണ്’, ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ തെരുവില്‍ വലിച്ചിഴക്കുന്ന ഈ സ്ത്രീവിരുദ്ധ അനീതിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഈ പരസ്യ വേട്ടയാടലിന് കടിഞ്ഞാണിടാന്‍ സര്‍ക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണം. ഇക്കാര്യത്തില്‍ കോടതി കര്‍ശനമായ മാതൃകാ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

മഞ്ജു വാര്യര്‍ ചില റാക്കറ്റുകളുടെ പിടിയിലാണെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. തുടര്‍ന്ന് മഞ്ജു വാര്യര്‍ സനല്‍കുമാര്‍ ശശിധരനെതിരെ എറണാകുളം മുനിസിഫ് കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരിക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!