ആധാർ നമ്പർ എല്ലായിടത്തും എടുത്തുകൊടുത്തിട്ടുണ്ടോ? എടുത്തുചാടും മുൻപ് ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! പകരം ചെയ്യേണ്ടത് ഈ രണ്ട് കാര്യങ്ങളാണ്…

Share our post

ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍, ഡിജിറ്റല്‍ വെരിഫിക്കേഷന്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകളില്‍ മുന്‍പന്തിയിലുണ്ടാകും ഇന്ന് ആധാറിന്റെ സ്ഥാനം. ഏതെങ്കിലും സേവനങ്ങള്‍ക്ക് മുന്‍പായി ആരെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടാല്‍ അധികപേരും ആദ്യം എടുത്തുകൊടുക്കുന്നത് ആധാര്‍ കാര്‍ഡായിരിക്കും. എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ അധികപേരും അറിഞ്ഞോ അറിയാതെയോ വരുത്തുന്ന തെറ്റുകളിലൊന്നാണ് ആധാറിലെ മുഴുവന്‍ നമ്പറും എടുത്തപടി പറഞ്ഞുകൊടുക്കുകയെന്നത്.

ഒട്ടുമിക്കയാളുകളും പലപ്പോഴായി വരുത്തുന്ന ഈ അബദ്ധത്തില്‍ നിന്നുള്ള അപകടസാധ്യത മറികടക്കുന്നതിനായി രണ്ട് വഴികള്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് യുഐഡിഎഐ അഥവാ, യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ത്യയിലെ ഓരോ പൗരനും ആധാര്‍ രേഖയെന്ന പേരില്‍ 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സിയാണിത്. അനാവശ്യമായി ആധാര്‍ കാര്‍ഡും നമ്പറും പ്രദര്‍ശിപ്പിക്കുന്നതിന് പകരം യുഐഡിഎഐ പരിചയപ്പെടുത്തുന്ന രണ്ട് ഫീച്ചറുകളാണ് മാസ്‌ക്ഡ് ആധാറും വിര്‍ച്വല്‍ ഐഡിയും.

എന്താണ് മാസ്‌ക്ഡ് ആധാര്‍?

മാസ്‌ക്ഡ് ആധാര്‍ എന്നത് 12 അക്ക ആധാര്‍ നമ്പറിന്റെ പൂര്‍ണരൂപം വെളിപ്പെടുത്താതെ സുരക്ഷിതമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ്. ഇതില്‍ ആധാര്‍ നമ്പറിലെ ആദ്യത്തെ എട്ട് അക്കങ്ങള്‍ മറച്ചുപിടിക്കുകയും അവസാനത്തെ നാല് അക്കങ്ങള്‍ മാത്രം കാണിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, യഥാര്‍ത്ഥ നമ്പര്‍ 1234 5678 9012 എന്നാണെങ്കില്‍, മാസ്‌ക്ഡ് ആധാറില്‍ അത് XXXX XXXR 9012 എന്ന രീതിയിലായിരിക്കും കാണിക്കുക. ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടി വരുമ്പോള്‍, പൂര്‍ണമായ നമ്പര്‍ പുറത്തുപോകാതെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ ഡിജിറ്റല്‍ സംവിധാനം ഏറെ സഹായകരമാണ്. ഔദ്യോഗിക മൈ-ആധാര്‍ പോര്‍ട്ടല്‍ വഴി മൊബൈല്‍ ഒടിപി ഉപയോഗിച്ച് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം;

  • ഒഫീഷ്യല്‍ യുഐഡിഎഐ അല്ലെങ്കില്‍ മൈ ആധാര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
  • ഡൗണ്‍ലോഡ് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം
  • തെളിഞ്ഞുവരുന്ന സ്‌ക്രീനില്‍ ആവശ്യാനുസരണം ആധാര്‍ നമ്പറും അവശ്യരേഖകളും ചേര്‍ക്കാം
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ഒടിപി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്.
  • തുടര്‍ന്ന് തെളിഞ്ഞുവരുന്ന ഇന്റര്‍ഫേസില്‍ മാസ്‌ക്ഡ് ആധാര്‍ എന്ന് ക്ലിക്ക് ചെയ്യാം.
  • ഇലക്ട്രോണിക് കോപ്പി ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍ അവിടെ തെളിഞ്ഞുവന്നിട്ടുണ്ടാകും.

എന്താണ് വിര്‍ച്വല്‍ ഐഡി?

ആധാര്‍ വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനായി യുഐഡിഐഐ നല്‍കുന്ന 16 അക്ക താല്‍ക്കാലിക നമ്പറാണ് വിര്‍ച്വല്‍ ഐഡി അഥവാ വിഐഡി. ഒതന്റിഫിക്കേഷന്‍ ആവശ്യങ്ങള്‍ക്കായി യഥാര്‍ത്ഥ 12 അക്ക ആധാര്‍ നമ്പറിന് പകരമായി ഇത് ഉപയോഗിക്കാം. ഇത് നല്‍കുന്നതിലൂടെ സേവനദാതാക്കളുടെ പക്കല്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ വെളിപ്പെടാതെ തന്നെ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കും. പുതിയൊരു വിഐഡി ജനറേറ്റ് ചെയ്യുമ്പോള്‍ പഴയത് റദ്ദായി മാറുമെന്നതിനാല്‍ ഇതിന് വലിയ സുരക്ഷയുമുണ്ട്. ഔദ്യോഗിക മൈ-ആധാര്‍ പോര്‍ട്ടല്‍ വഴി എളുപ്പത്തില്‍ സൗജന്യമായി ഇത് നിര്‍മിച്ചെടുക്കാനുമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!