ബർഗറും പീത്‌സയും കഴിക്കാം, പക്ഷേ, കൈകൊണ്ട് ചോറുണ്ടാൽ പ്രശ്നം!; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ച് മോദിയുടെ ഉപദേശകൻ

Share our post

ന്യൂഡൽഹി: കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഇന്ത്യക്കാരുടെ പരമ്പരാഗത ശീലത്തെ പരിഹസിച്ച വിദേശികൾക്കു മറുപടിയുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് അദ്ദേഹം ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ‘‘ഇതൊരു ലളിതമായ പരീക്ഷണമാണ്… നിങ്ങൾക്ക് ഒരു ഭക്ഷണ പദാർഥത്തെ തൊടാൻ പോലും മടിയാണെങ്കിൽ, അതു കഴിക്കാൻ ലോഹക്കഷണങ്ങൾ ആവശ്യമാണെങ്കിൽ, ആ ഭക്ഷണം നിങ്ങളുടെ വായിലേക്ക് വയ്ക്കാതിരിക്കുകയാണ് നല്ലത്’’ – എന്നായിരുന്നു സഞ്ജീവ് സന്യാലിന്റെ കുറിപ്പ്.

ഒരു ദക്ഷിണേന്ത്യൻ വിവാഹച്ചടങ്ങിൽ ദമ്പതികൾ കൈകൊണ്ടു ഭക്ഷണം കഴിക്കുന്ന വിഡിയോ പങ്കുവച്ച് യുഎസിലെ ഫ്ലോറിഡ സ്വദേശി എക്സിൽ പോസ്റ്റ് ചെയ്ത ചോദ്യമാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ‘‘ഗൗരവമായി ചോദിക്കുകയാണ്, എന്തുകൊണ്ടാണ് ഇവരെല്ലാം കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത്?’’ – എന്നായിരുന്നു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.

ഈ ചോദ്യത്തിനു പിന്നിലെ പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെയും സന്യാൽ രൂക്ഷമായി വിമർശിച്ചു. ദക്ഷിണേഷ്യൻ സംസ്കാരത്തെയും രീതികളെയും പരിഹസിക്കുന്ന ഇതേ ആളുകൾ തന്നെയാണു പീത്‌സ, ഡോനട്ട്സ്, ബർഗറുകൾ, ബ്രെഡ്, ഫ്രെഞ്ച് ഫ്രൈസ് എന്നിവയെല്ലാം യാതൊരു മടിയുമില്ലാതെ വെറുംകൈയോടെ കഴിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ലോഹക്കഷണങ്ങൾ വൃത്തിയാക്കുന്നതുപോലെ, വളരെ എളുപ്പത്തിൽ ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകളും വൃത്തിയാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അതേസമയം, 2022 നവംബർ 22 ൽ പോസ്റ്റ് വിഡിയോയ്ക്കുള്ള മറുപടിയാണ് ശനിയാഴ്ച രാത്രി 11.40 ന് സഞ്ജീവ് സന്യാൽ നൽകിയത്.

2025 ലെ വിവാദംഭക്ഷണം കഴിക്കുന്ന രീതിയെ മുൻനിർത്തിയുള്ള സാംസ്കാരിക അധിക്ഷേപങ്ങൾ ഇതാദ്യമായല്ല ആഗോളതലത്തിൽ ചർച്ചയാകുന്നത്. ന്യൂയോർക്ക് മേയറായ സൊഹ്‌റാൻ മംദാനി കൈകൊണ്ടു ചോറ് കഴിക്കുന്ന വീഡിയോയ്ക്കുനേരെ ടെക്സാസ് കോൺഗ്രസ് അംഗം ബ്രാൻഡൻ ഗിൽ രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ പരിഷ്‌കൃതരായ മനുഷ്യർ ഇങ്ങനെയല്ല ഭക്ഷണം കഴിക്കുന്നത് എന്നും പാശ്ചാത്യ ശീലങ്ങൾ പിന്തുടരാൻ താല്പര്യമില്ലെങ്കിൽ മൂന്നാം ലോക രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാനും ഗിൽ അന്ന് അധിക്ഷേപിച്ചിരുന്നു.

ഈ സംഭവം വലിയ രീതിയിലുള്ള വംശീയ-സാംസ്കാരിക ചർച്ചകൾക്ക് അന്നു വഴിതുറന്നിരുന്നു. കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതു വൃത്തിഹീനമാണെന്നു തെറ്റായി വ്യാഖ്യാനിക്കുന്ന പാശ്ചാത്യ ചിന്താഗതികൾ കോളനിവൽക്കരണത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നും എന്നാൽ കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് കൂടുതൽ ശ്രദ്ധയോടെയുള്ളതും ശാസ്ത്രീയവുമായ ഒരു രീതിയാണെന്നുമാണ് പരമ്പരാഗത ഭക്ഷണരീതികളെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!