ഫുക്കെറ്റ്-ഡൽഹി വിമാനാപകടം: പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ
ന്യൂഡൽഹി: ഫുക്കെറ്റ്-ഡൽഹി എയർ ഇന്ത്യാവിമാനം പറക്കുന്നതിനിടയിൽ പൊടുന്നനെ താഴേക്ക് പതിച്ച സംഭവത്തിൽ നടപടിയുമായി വിമാനക്കമ്പനി. ലഹരി ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച പൈലറ്റ് ഇൻ കമാൻഡിനെ പിരിച്ചുവിട്ടതായി എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഒാഗസ്റ്റ് നാലാംതീയതിയായിരുന്നു ഉയരത്തിൽ പറന്നിരുന്ന എഐ 12379 എയർബസ് 320 വിമാനം പൊടുന്നനേ 300 അടിയിലേക്ക് പതിച്ചത്. ഒഡീഷയ്ക്ക് മുകളിൽവെച്ചായിരുന്നു ഇത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
‘ഫുക്കെറ്റ്-ഡൽഹി വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലഹരിമരുന്നുപരിശോധനാഫലം പോസിറ്റീവ് ആണ്. സുരക്ഷ, ശാരീരികക്ഷമത, നിയന്ത്രണ മാനദണ്ഡങ്ങൾ എന്നിവ ലംഘിക്കുന്നപക്ഷം എയർ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനാൽ, പൈലറ്റിനെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.
എട്ട് ക്രൂ അഗങ്ങളും 137 യാത്രക്കാരായിരുന്നു സംഭവസമയത്തുണ്ടായിരുന്നത്. ഇതിൽ 24 പേർക്ക് പരിക്കേറ്റിരുന്നു.
36,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഏകദേശം ഒരേസമയം തകരാറിലായതായി നേരത്തെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AIIB) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതാണ് ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെടാൻ കാരണമായതും പിന്നാലെ വിമാനത്തിന് നിലതെറ്റിയതും. സംഭവത്തിന് പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായുള്ള നിർബന്ധിത ലഹരിമരുന്ന് പരിശോധനയ്ക്ക് പൈലറ്റുമാർ വിധേയരായിരുന്നു. ഇതിൽ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.
