ഫണ്ട് വെട്ടിപ്പ് ആരോപണം: സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25 ലക്ഷം അഡ്വാൻസ് നൽകി- സി.പി.എം സൊസൈറ്റി

Share our post

ഇരിട്ടി: സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327 പേരിൽനിന്ന് 23,93,000 രൂപ മാത്രമാണ് സമാഹരിച്ചതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കോളേജ് നിർമാണത്തിനായി ഇരിട്ടി നേരംപോക്ക് റോഡിൽ 38 സെന്റിന് 25 ലക്ഷം രൂപ മുൻകൂറായി നൽകി സൊസൈറ്റി സെക്രട്ടറിമാരിൽ ഒരാളുടെ പേരിൽ വില്പനക്കരാർ ഉണ്ടാക്കിയതായും ഭാരവാഹികൾ പറഞ്ഞു. കൂടുതൽ പണം കണ്ടെത്തി സ്ഥലം സൊസൈറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യും. സൊസൈറ്റി സമാഹരിച്ച തുകയേക്കാൾ ഉയർന്ന മൂല്യം കൈവശമുള്ള ഭൂമിക്കുണ്ട്. ഇത് സൊസൈറ്റി ഭരണസമിതിക്കും ഓഹരി ഉടമകൾക്കും ബോധ്യമുള്ളതാണ്. വസ്തുത ഇതായിരിക്കെ ഇപ്പോൾ നടക്കുന്നത് കള്ളപ്രചാരണം മാത്രമാണ്.

കോവിഡും പ്രളയവുമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കാരണം സൊസൈറ്റിക്ക് പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. കോവിഡിന് ശേഷം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിയും സൊസൈറ്റിയുടെ മുന്നിലുണ്ടായിരുന്നു. പണം അടച്ചവർക്കെല്ലാം ഓഹരി സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഘടകങ്ങളിൽ പരാതി നൽകിയതായോ അന്വേഷണം നടന്നതായോ അറിയില്ല.

327 ഓഹരി ഉടമകളിൽ 17 പേർ ഒരുലക്ഷം രൂപയും രണ്ടുപേർ 50,000 രൂപയും നാലുപേർ 25,000 രൂപയും 21 പേർ 10,000 രൂപയും നൽകി. 283 പേർ 1000 രൂപയുടെ ഓഹരിയാണ് എടുത്തത്. ഓഹരി ഉടമകളുടെ യോഗം വിളിച്ചുചേർത്ത് ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്ന് സൊസൈറ്റി ഭാരവാഹികളായ ബിനോയ് കുര്യൻ, കെ.വി.സക്കീർ ഹുസൈൻ, പി.പി.അശോകൻ, എം.പവിത്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!