‘കള്ളന്‍ വിജയന്‍’ ലേഖന വിവാദം: കെ ആര്‍ അജയന്‍ ദേശാഭിമാനിയില്‍ നിന്ന് രാജി വെച്ചു

Share our post

തിരുവനന്തപുരം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെയാണ് രാജി. രാജി വെയ്ക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളുണ്ടായത്.

വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കയോ വേണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സിപിഐഎമ്മിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ തന്നെ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു ഇതിന് അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ നേരത്തെ കെ ആര്‍ അജയന്‍ പറഞ്ഞിരുന്നു.

വിഎസിന്റെ ഓര്‍മ്മദിവസത്തോടനുബന്ധിച്ചുള്ള ലേഖനത്തില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ട് ഉള്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!