ഓപ്പറേഷൻ തൂഫാൻ: 10,000 കടന്ന് അറസ്റ്റുകൾ
തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ അറസ്റ്റിലായത് 10,015 പേർ. 9280 കേസുകൾ രജിസ്റ്റർ ചെയ്തു. 1004 കിലോഗ്രാം കഞ്ചാവ് പിടികൂടി. 8.28 കിലോഗ്രാം എംഡിഎംഎയും പിടികൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മണിക്കൂറിൽ ആറ് ഓപ്പറേഷൻ തൂഫാൻ അറസ്റ്റുകളാണ് കേരളത്തിൽ നടക്കുന്നത്. ലഹരിയുടെ ലഭ്യത സംസ്ഥാനത്ത് കുറഞ്ഞതായി ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായ തൂഫാൻ ജനവും പൊലീസും ഒന്നിച്ചു നിന്നാലുള്ള തിന്മക്ക് എതിരായ പോരാട്ടത്തിന്റെ മാതൃകയാണ്. ഓണാഘോഷത്തിന്റെ മറവിൽ ലഹരി ഒഴുകാൻ നമ്മൾ അനുവദിക്കരുത്. ഓണക്കാലത്തെ സുരക്ഷിതമാക്കാൻ തൂഫാൻ സ്‌പെഷ്യൽ ഡ്രൈവ് ശക്തമാണ്. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം തുടരുമെന്ന് ഉറപ്പ് നൽകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
