‘മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചു’; അർജുൻ ആയങ്കിക്കെതിരെ ഒരു കേസ് കൂടി

Share our post

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തു എന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ എറണാകുളം റൂറൽ സൈബർ പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് അഞ്ചാം തീയതി രാത്രി എട്ട് മണിയോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലിട്ട കുറിപ്പിലൂടെ മുഖ്യമന്ത്രിയെ ‘കോമാളി’ എന്നും ‘നുണയൻ’ എന്നും അർജുൻ വിശേഷിപ്പിച്ചിരുന്നു. ഇതിനേക്കാൾ നല്ലത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയിരുന്നു എന്ന് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും, വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് കേരളത്തിന് നാണക്കേടാണെന്നും പോസ്റ്റിൽ പരാമർശമുണ്ടായിരുന്നു.

പൊതുജനങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കി ലഹളയ്ക്ക് പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അർജുൻ ഈ പോസ്റ്റ് ഇട്ടതെന്ന് പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. കലാപാഹ്വാന ശ്രമം ഉൾപ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ, ഒളിവിലിരുന്നു കൊണ്ട് പോലീസിനെ വെല്ലുവിളിക്കുന്ന രീതിയിൽ നിരന്തരം സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത് അന്വേഷണ സംഘത്തിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്.

പ്രതിയെ പിടികൂടാൻ തൃശ്ശൂർ, പാലക്കാട് ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്നിയങ്കര ടോൾ പ്ലാസ വഴി അർജുന്റെ വാഹനം കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അർജുന്റെ സഹോദരൻ അഖിലിനെയും രണ്ട് കൂട്ടാളികളെയും തൃശ്ശൂരിൽ നിന്ന് പോലീസ് പിടികൂടി. തൃശ്ശൂരിലെ അമ്മ നഗറിലാണ് ഇയാളുടെ അവസാന ടവർ ലൊക്കേഷൻ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും, പോസ്റ്റുകൾ ഇടുന്നത് അർജുൻ നേരിട്ടാണോ അതോ മറ്റാരെങ്കിലും ആണോ എന്ന കാര്യത്തിലും വ്യക്തത വരുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുയാണ്.

നിലവിൽ കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിലും അന്വേഷണം നേരിടുന്ന ഇയാൾക്കെതിരെ പുതിയ സൈബർ കേസ് കൂടി വന്നതോടെ നിയമക്കുരുക്ക് മുറുകുകയാണ്. പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ തുടരുമ്പോഴും ഇയാൾ പങ്കുവെക്കുന്ന ഓരോ പോസ്റ്റും അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!