‘തൊണ്ടി’വാഹനങ്ങൾ ക്വാർട്ടേഴ്സ് വളപ്പിൽ; പൊറുതിമുട്ടി താമസക്കാർ
കണ്ണൂർ: സിറ്റി പോലീസ് ജില്ലാ ആസ്ഥാനം സൗന്ദര്യവത്കരിക്കുന്നതിനായി തൊണ്ടിമുതൽ വാഹനങ്ങൾ മാറ്റിയത് തൊട്ടടുത്ത പോലീസ് ക്വാർട്ടേഴ്സ് വളപ്പിലേക്ക്. ക്വാർട്ടേഴ്സിന്റെ മുക്കിലും മൂലയിലും വാഹനങ്ങൾ പെരുകിയതോടെ വെട്ടിലായത് ഇവിടത്തെ താമസക്കാർ.
സിറ്റി പോലീസ് ജില്ലാ ആസ്ഥാനം പ്രവർത്തനം തുടങ്ങിയശേഷമാണ് മുറ്റവും പരിസരവും കൊരുപ്പുകട്ടപാകി സൗന്ദര്യവത്കരിക്കുന്ന പ്രവൃത്തി തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് പരിസരത്തെ തൊണ്ടിവാഹനങ്ങൾ തൊട്ടടുത്ത ക്വാട്ടേഴ്സ് വളപ്പിലേക്ക് മാറ്റിയത്.
പോലീസിന്റെ പ്രവർത്തിക്കാത്ത വാഹനങ്ങൾ, കേസുകളിലും അപകടങ്ങളിലുംപെട്ടതുമായ ‘തൊണ്ടിമുതൽ’, ഉപയോഗശൂന്യമായ സാധനങ്ങൾ വരെ ക്വാർട്ടേഴ്സിന് മുന്നിലുണ്ട്. പോലീസ് സ്റ്റേഷൻ പരിസത്തെ ഉപയോഗശൂന്യമായ വാഹനങ്ങൾ ടെൻഡർ നടപടിയോ, ക്വട്ടേഷനോ വിളിച്ച് സമയം കളയാതെ ഇന്റർനെറ്റ് വഴി സാധനങ്ങളും വസ്തുക്കളും പരസ്യമായി വേഗത്തിൽ ലേലം ചെയ്യണമെന്ന സർക്കാരിന്റെ നിർദേശമുണ്ട്.
ഇതുകൂടി കണക്കിലെടുത്താണ് താത്കാലികമായി വാഹനങ്ങൾ മാറ്റിയതെന്നാണ് പോലീസ് പറയുന്നത്. 146 ബൈക്കുകൾ, 16 പോലീസ് ജീപ്പുകൾ, ഒരു ബസ്, മൂന്ന് കാറുകൾ എന്നിവയാണ് പോലീസ് ക്വാർട്ടേഴ്സിന്റെ മുറ്റത്തും അരികിലുമായി കൂട്ടിയിട്ടിരിക്കുന്നത്. ബൈക്കുകൾ വരിയായി ക്വാർട്ടേഴ്സുകൾ തമ്മിലുള്ള ഇടയിലെ സ്ഥലത്താണ് നിർത്തിയിട്ടിരിക്കുന്നത്. കാറും ജീപ്പും ക്വാർട്ടേഴ്സിന്റ മുന്നിലും. പോലീസ് ജീപ്പ്, ബസ്, ബൈക്ക്, വിവിധ കേസുകളിൽ പിടികൂടിയ കാറുകൾ എന്നിവ തുരുമ്പെടുത്ത് നശിക്കുന്നുണ്ട്.
മോട്ടോർവാഹനവകുപ്പും എക്സൈസും പിടിച്ചെടുത്ത വാഹനങ്ങളും പോലീസിന് കൈമാറുകയാണ് പതിവ്. ഇതോടെയാണ് ‘വാഹനപ്പെരുപ്പം’ ഉണ്ടായത്. പോലീസ് സ്റ്റേഷനുകൾ ആധുനികീകരിക്കുകയും സൗന്ദര്യവത്കരിക്കുയും ചെയ്യുന്നതോടെ തൊണ്ടിമുതൽ വാഹനങ്ങൾ കൂട്ടിയിടാൻ പുതിയ സ്ഥലങ്ങൾ തേടുകയാണ് പോലീസ്. വാഹനങ്ങൾ ലേലംചെയ്ത് കൊണ്ടുപോകുന്നതുവരെയെങ്കിലും ഈനില തുടരും.
കാലപ്പഴക്കംചെന്ന ക്വാർട്ടേഴ്‌സുകളും വാഹനങ്ങളും
സിറ്റി പോലീസ് കാര്യാലയത്തിന്റെ 100 മീറ്റർ അകലെ പോലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കാൻ പണിത ക്വാർട്ടേഴ്‌സുകൾ കാലപ്പഴക്കത്താൽ അപകടഭീഷണിയിലാണ്.
ഇതിനിടയിലാണ് പഴയ വാഹനങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്തിന് തൊട്ടടുത്തായുള്ള രണ്ട് നിലകളിലായി 30-ഓളം ക്വാർട്ടേഴ്സുകളിലായി 60 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
ക്വാർട്ടേഴ്സുകൾ തമ്മിലുള്ള അകലത്തിനിടയിലുള്ള സ്ഥലങ്ങളിൽ കാടുകയറിയിട്ടുണ്ട്. ഇതിനിടയിലും മുറ്റത്തുമായിട്ടാണ് തൊണ്ടിമുതൽ കൂട്ടിയിട്ടിരിക്കുന്നത്.
വാഹനങ്ങളിൽ കാലപ്പഴക്കത്താൽ വാതിലുകളും മറ്റും തുറന്നുകിടക്കുകയാണ്. ഇതിനകത്ത് പാന്പ് ഉൾപ്പെടെയുള്ള ഇഴജീവികളും തെരുവുനായകളും കുറുനരികളും കയറികൂടുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.
കുട്ടികളും സ്ത്രീകളുമടക്കം ഭീഷണിയിലാണ്. കൃത്യമായ നവീകരണവും മതിയായ അടിസ്ഥാനസൗകര്യമോ ക്വാർട്ടേഴ്‌സുകളിലില്ല.
