കുഞ്ഞാലിക്കുട്ടിയുടെ വീടിനും പ്രകമ്പനം ഉണ്ടായി, മന്ത്രി താക്കീത് നല്‍കിയിരുന്നു;വെളിപ്പെടുത്തലുമായി പ്രദേശവാസി

Share our post

മലപ്പുറം: പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് പാറപൊട്ടിച്ചിരുന്നെന്ന  വാര്‍ത്തയ്ക്ക് പിന്നാലെ വെളിപ്പെടുത്തലുമായി പ്രദേശ വാസികള്‍. മണ്ണിടിച്ചിലുണ്ടായതിന് മൂന്ന് ദിവസം മുമ്പും പ്രദേശത്ത് പാറപൊട്ടിക്കല്‍ നടന്നെന്നാണ് പ്രദേശവാസി ഇസ്മയിലിന്റെ വെളിപ്പെടുത്തല്‍. പാറപൊട്ടിക്കുമ്പോള്‍ പ്രദേശത്ത് വലിയ പ്രകമ്പനമുണ്ടാകാറുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് ഉള്‍പ്പടെ പ്രകമ്പനം ഉണ്ടായിരുന്നു. മന്ത്രി വീട്ടിലുള്ള സമയത്ത് പാറ പൊട്ടിച്ചപ്പോള്‍ പൊലീസിനെ സ്ഥലത്തേക്ക് അയച്ചിരുന്നു. ഇനി പാറപൊട്ടിക്കില്ല എന്നാണ് സ്ഥലം ഉടമ അന്ന് മന്ത്രിക്ക് നല്‍കിയ ഉറപ്പെന്നും പ്രദേശ വാസി വെളിപ്പെടുത്തി. എന്നാല്‍ ഈ ഉറപ്പ് ലംഘിച്ചാണ് വീണ്ടും ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തിയതെന്നും ഇസ്മയില്‍ പറയുന്നു. പത്ത് മാസത്തിലധികമായി പാറപൊട്ടിക്കുന്നുണ്ട്. ആദ്യം ബ്ലേഡ് കൊണ്ട് കട്ട് ചെയ്ത് ഇറക്കുകയായിരുന്നു. പിന്നീടാണ് പാറ പൊട്ടിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

വിഷയം വിവാദമായതിന് പിന്നാലെ അടിയന്തിര നടപടി സ്വീകരിച്ചിരിക്കുകയാണ് വ്യവസായ വകുപ്പ്. മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും അടപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ എസ്പിക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് മലപ്പുരം ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടി മുന്‍കരുതലായി എടുത്തിരുന്നെങ്കില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാമായിരുന്നു എന്നാണ് ഉയരുന്ന വിമര്‍ശനം. അനധികൃത നിര്‍മാണമാണെന്നറിഞ്ഞിട്ടും മന്ത്രി താക്കീത് നല്‍കാതെ നടപടി എടുക്കണമായിരുന്നെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 2018ല്‍ അടക്കം മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നത് അധികൃതരുടെ അറിവോടെയാണെന്ന ആരോപണവും ശക്തമാണ്.

പാണക്കാട് മണ്ണിടിച്ചില്‍ ഉണ്ടാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പും തൊട്ടടുത്ത് പാറ പൊട്ടിക്കല്‍ നടന്നെന്ന വിവരം പുറത്ത് വിട്ടിരുന്നു. 200 മീറ്റര്‍ അകലെ പെട്രോള്‍ പമ്പിന്റെ നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് അനധികൃതമായി ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തിയത്. മുമ്പും ഇവിടെ സമാന പ്രവര്‍ത്തി തുടര്‍ന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഉഗ്ര ശബ്ദത്തോടെ പാറ പൊട്ടിച്ചപ്പോള്‍ സമീപത്തെ വീടുകളില്‍ പ്രതിഫലനം ഉണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ക്വാറിയില്‍ പാറ പൊട്ടിക്കുന്നത് പോലെയാണ് ഇവിടെ പൊട്ടിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ മേഖലയില്‍ ഇലക്ട്രിക്കല്‍ ബ്ലാസ്റ്റിങ് നടത്തുന്നത് തീര്‍ത്തും അനധികൃതമാണ് എന്നിരിക്കെയാണ് നടപടി. അധികൃതരുടെ അനുവാദത്തോടെയാണ് പാറ പൊട്ടിച്ചതെന്ന ആരോപണം ശക്തമാണ്. പാറ പൊട്ടിക്കലിന് പിന്നാലെയാണ് ഏടായിപ്പാലത്ത് മണ്ണിടിച്ചില്‍ ഭീഷണി ആരംഭിച്ചതെന്നാണ് ആരോപണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!