കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ആറു വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങി

Share our post

തിരുവനന്തപുരം∙ മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ആറ് വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിച്ചു. സംഭവസ്ഥലത്ത് എത്തി ആദ്യം പൊലീസിനു മൊഴി നല്‍കിയ മാധ്യമപ്രവര്‍ത്തകനായ സയിഫുദീന്‍ ഹാജിയെയാണ് ഒന്നാം സാക്ഷിയായി ഇന്നു വിസ്തരിച്ചത്. ബഷീറിന് അപകടമുണ്ടായത് അറിഞ്ഞ് സ്ഥലത്തെത്തിയെന്നും അവിടെയുണ്ടായിരുന്ന നാട്ടുകാരില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായതെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.

കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമന്‍ കോടതിയില്‍ എത്തിയിരുന്നു. പ്രതിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം ക്രോസ് വിസ്താരം തിങ്കളാഴ്ച നടക്കും. നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

37 ദിവസം നീണ്ടു നില്‍ക്കുന്ന സാക്ഷി വിസ്താരത്തില്‍ പ്രോസിക്യൂഷഷന്‍ 100 സാക്ഷികളുടെ പട്ടികയാണ് നല്‍കിയിട്ടുളളത്. മുന്‍പ് പൊലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസില്‍ സാക്ഷികളെ വിസ്തരിക്കുന്നതിനുളള നടപടിക്രമങ്ങള്‍ കോടതി ആരംഭിച്ചത്.

ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ (304), തെളിവ് നശിപ്പിക്കല്‍ (201) എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുളളത്. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീര്‍ മരിച്ചത്. രണ്ടാം പ്രതിയായിരുന്ന വഫയെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ് ഹാജരായി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!