ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിഡ്‌സൺ ബൈക്കും മോഷണം പോയി; പ്രതി ബന്ധു തന്നെ, പരാതിയില്ലെന്ന് വീട്ടുകാർ
വടകര: മേമുണ്ട പള്ളിക്കു സമീപത്തെ വീട്ടിൽനിന്ന് ബി.എം.ഡബ്ല്യു. കാറും വിലയേറിയ ഹാർലി ഡേവിഡ്‌സൺ ബൈക്കും സ്കൂട്ടറും മോഷണംപോയ സംഭവം പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചെങ്കിലും ഒടുവിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായിമാറി… വീടുമായി അടുത്ത ബന്ധമുള്ളയാൾതന്നെയാണ് ഇവ കൊണ്ടുപോയതെന്ന് വ്യക്തമായതോടെയാണ് പരാതിയില്ലെന്നും കേസ് വേണ്ടെന്നും വീട്ടുകാർ അറിയിച്ചത്.
തുടക്കത്തിൽ വാഹനങ്ങൾ കണ്ടെത്താൻ വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും വീട്ടുകാർ പരാതിയില്ലെന്നു പറഞ്ഞതോടെ പോലീസ് പിന്മാറി. വാഹനം എവിടെയുണ്ടെന്ന വിവരം ഇവർക്കു ലഭിച്ചെന്നാണ് സൂചന.
ബുധനാഴ്ച രാത്രി വീട്ടിൽ ആളുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ വീട്ടുകാരി തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നനിലയിൽ കണ്ടതും ബി.എം.ഡബ്ല്യു. കാറും ഹാർലി ഡേവിഡ്‌സൺ ബൈക്കും സ്കൂട്ടറും കാണാനില്ലെന്നു മനസ്സിലായതും. വീടിനുള്ളിലെ അലമാരയിലെ ലോക്കറിൽനിന്നാണ് വാഹനങ്ങളുടെ താക്കോൽ എടുത്തത്. ബൈക്കും വീടിന്റെ ഉള്ളിലാണുണ്ടായിരുന്നത്.
കൂടാതെ സി.സി.ടി.വി.യുടെ ഡി.വി.ആർ. ഉൾപ്പെടെ അപ്രത്യക്ഷമായി. അലമാരയെല്ലാം താക്കോൽ ഉപയോഗിച്ചാണ് തുറന്നതെന്ന് വ്യക്തമായതോടെതന്നെ വീടുമായി ബന്ധമുള്ളയാളാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായി.
വീടിനുപുറത്തെ ഒരു സ്കോഡ കാർ കൊണ്ടുപോകാനും ശ്രമമുണ്ടായെങ്കിലും ബാറ്ററി ഇല്ലാത്തതിനാൽ അത് വിജയിച്ചില്ല. വീടിനുപുറത്തെ ഗേറ്റ് റിമോട്ട് ഉപയോഗിച്ചാണ് തുറന്നത്. വീട്ടിലെ കുതിരയെ പരിപാലിക്കുന്ന അതിഥിത്തൊഴിലാളി രാത്രി ഇവിടെ ഉണ്ടായിരുന്നു. രാത്രിയിൽ വീടിന്റെ മുറ്റത്ത് ഒരു ഇന്നോവ കാർ കിടക്കുന്നതായി കണ്ടെന്ന് ഇയാൾ പോലീസിനു മൊഴിനൽകി. അത് ബന്ധുവിന്റെ കാറാണെന്നാണ് കരുതിയത്.
പുലർച്ചെ 6.30-ഓടെ ഒരാൾ ബൈക്കുമായി പോകുന്നതുകണ്ടെന്ന വിവരവും കിട്ടി. തുടർന്ന് പോലീസ് മേമുണ്ട ഹൈസ്കൂളിന്റെ പുറത്ത് റോഡരികിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ ഹാർലി ഡേവിഡ്‌സൺ ബൈക്കുമായിപ്പോകുന്ന യുവാവിന്റെ ദൃശ്യംകിട്ടി. ഇതോടെ ഇത് ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനലഭിച്ചു.
തുടർന്നാണ് പരാതിയില്ലെന്ന തീരുമാനത്തിലേക്ക് വീട്ടുകാർ എത്തിയത്. ഇതോടെ അന്വേഷണത്തിലായിരുന്ന പോലീസുകാരെല്ലാം മടങ്ങി
