കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വീണ്ടും അട്ടിമറി നീക്കമെന്ന് പരാതി

Share our post

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ, മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കമെന്ന് പരാതി. മുന്നറിയിപ്പ് ഒന്നുമില്ലാതെ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് ഒഴിവായി. മറ്റന്നാള്‍ വിചാരണ തുടങ്ങാനിരിക്കെ ആണ് അപ്രതീക്ഷിത നീക്കം. സംഭവത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ് കെ എം ബഷീറിന്റെ ബന്ധുക്കള്‍. തുടക്കം മുതല്‍ ആശങ്കയാണെന്നും ഇതുവരേയും പ്രതിഭാഗം വിചാരിക്കുന്ന നിലയിലാണ് കോടതി നടപടികള്‍ നീങ്ങികൊണ്ടിരിക്കുന്നതെന്നും കെ എം ബഷീറിന്റെ ബന്ധു ആരോപിച്ചു.

‘ഈ വര്‍ഷം ഏപ്രില്‍ 14ന് കേസ് ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. അന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ. പ്രവീണ്‍ കുമാര്‍ ആണ്. ആഗസ്റ്റ് 1ന് കേസ് പരിഗണിക്കാനിരിക്കെയാണ് പ്രവീണ്‍ കുമാര്‍ ഒഴിഞ്ഞ് മറ്റൊരു പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയതായി അറിയുന്നത്. വ്യവസ്ഥാപിത നടപടികളിലൂടെ അല്ലാതെ കൂലിത്തൊഴിലാളികളെ മാറ്റുന്നതുപോലെയാണ് പ്രോസിക്യൂട്ടറെ മാറ്റുന്നത്. കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കം നടക്കുന്നുണ്ടെന്ന് ആശങ്കപ്പെടുകയാണ്’, ബന്ധു പറഞ്ഞു.

തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ആഗസ്റ്റ് ഒന്നിന് കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് അട്ടിമറി ആരോപണം ഉയരുന്നത്. പ്രോസിക്യൂട്ടറെ മാറ്റുന്നത് ആഭ്യന്തര വകുപ്പും ജില്ലാകളക്ടറുമാണെന്നിരിക്കെ നിലവിലുള്ള പ്രോസിക്യൂട്ടര്‍ ഒഴിഞ്ഞതും പുതിയൊരു പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയതിലും ദുരൂഹത സംശയിക്കുന്നുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാത്രമാണ് കേസിലെ പ്രതി. രണ്ടാംപ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവം നടന്ന് ഏഴുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് കേസില്‍ വിചാരണ ആരംഭിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുളളതായിരുന്നു ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫയാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാമിന്റെ ശ്രമം. പൊലീസും ആദ്യം വാഹനമോടിച്ചത് വഫയാണ് എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദൃക്സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെയും പൊലീസിന്റെയും നീക്കം പൊളിയുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!