പുനര്‍ജനി കേസ്: വി ഡി സതീശന് ക്ലീന്‍ ചിറ്റ്; കേസ് അവസാനിപ്പിച്ചു

Share our post

തിരുവനന്തപുരം: പുനര്‍ജനി കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ്. വി ഡി സതീശന് എതിരെയുള്ള കേസ് അവസാനിപ്പിക്കുന്നതായി അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. വി ഡി സതീശനെതിരെ തെളിവില്ലെന്നും അന്വേഷണത്തിന് ഉത്തരവിട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് പരിശോധനയില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കാന്‍ വേണ്ടിയിട്ടുള്ള ധനസമാഹാരണം നടത്താനായി വിദേശയാത്ര നടത്തിയെന്നും വിദേശയാത്രയില്‍ ധനസമാഹാരണം നടത്തിയെന്നതിലുമാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കേസില്‍ വി ഡി സതീശന് ഒരു പങ്കും ഉണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് സാധിച്ചിട്ടില്ല. ഒരു രൂപയുടെ ഇടപാടിൽ പോലും വി ഡി സതീശന് പങ്കില്ല എന്ന് വ്യക്തമായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

‘ഫയൽ മുഴുവൻ പഠിച്ചിട്ടാണ് പറയുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതുകൊണ്ടല്ല വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകുന്നത്. വി ഡി സതീശനെതിരെ യാതൊരു തെളിവും അന്നും കണ്ടെത്തിയിരുന്നില്ല. തെളിവ് കണ്ടെത്താത്തതിനാലാണ് കഴിഞ്ഞ സർക്കാർ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പറഞ്ഞത്’, രമേശ് ചെന്നിത്തല പറഞ്ഞു.

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനര്‍ജനി, പറവൂരിന് പുതുജീവന്‍’. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന്‍ ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2023ലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!