‘എന്ത് ധൈര്യത്തിലാണ് നിങ്ങൾ ഇങ്ങോട്ടുവന്നത്? യൂണിഫോം എവിടെ’;ഡൽഹി പോലീസിനെ വിറപ്പിച്ച് ജോൺ ബ്രിട്ടാസ്

Share our post

ന്യൂഡൽഹി: എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരെ വിറപ്പിച്ച് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്. ഐഷിയെ അറസ്റ്റ് ചെയ്യാൻ പാർട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനിൽ പോലീസ് എത്തിയതറിഞ്ഞ് പാർലമെന്റിൽ നിന്ന് എത്തിയതാണ് ബ്രിട്ടാസ്. യൂണിഫോമോ നെയിംപ്ലേറ്റോ ഇല്ലാതെ സ്വകാര്യ വാഹനത്തിൽ അറസ്റ്റ് ചെയ്യാൻ വന്നത് ചോദ്യം ചെയ്ത ബ്രിട്ടാസ് പോലീസുകാരെ തിരിച്ചയച്ചു.

യൂണിഫോമിലുള്ള രണ്ട് പോലീസുകാരും സാധാരണ വസ്ത്രം ധരിച്ച ഒരു വനിതയുമാണ് ഐഷിയെ അറസ്റ്റ് ചെയ്യാനായി പാർട്ടി ഓഫീസിലെത്തിയത്. ‘നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഒരു ദേശീയ പാർട്ടിയുടെ ഓഫീസിലേക്ക് വന്നത്? ഞാൻ പാർലമെന്റിൽ നിന്ന് നേരിട്ട് വരികയാണ് ഇങ്ങോട്ട്. ഡൽഹി പോലീസ് ഒരിക്കലും ഇങ്ങനെ പെരുമാറാൻ പാടില്ല.’ -ജോൺ ബ്രിട്ടാസ് പോലീസുകാരോടായി പറഞ്ഞു.

തുടർന്ന് ബ്രിട്ടാസ് ഐഷിക്കെതിരായ കേസ് വിശദീകരിക്കാൻ ആവശ്യപ്പെട്ടു. പോലീസ് കേസിനെ കുറിച്ച് പറഞ്ഞപ്പോൾ ഈ കേസിനെ കുറിച്ച് തനിക്ക് അറിയാമെന്നും വർഷങ്ങളായി നടക്കുന്ന കേസാണ് ഇതെന്നും പറഞ്ഞ ബ്രിട്ടാസ്, ജന്തർ മന്തറിൽ പ്രതിഷേധിച്ച ഒരാളെയും വെറുതേ വിടില്ല എന്ന സന്ദേശം നൽകാനാണോ നിങ്ങൾ വന്നതെന്നും ചോദിച്ചു. തുടർന്നാണ് യൂണിഫോം ഇല്ലാതെ അറസ്റ്റ് ചെയ്യാനെത്തിയതിനെ എംപി ചോദ്യം ചെയ്തത്.

‘നിങ്ങൾ ഡൽഹി പോലീസിന്റെ ഭാഗമാണോ? നിങ്ങൾ ആരാണ് എന്ന് എനിക്കറിയണം. നിങ്ങളുടെ ബാഡ്ജ് എവിടെ? നിങ്ങളുടെ യൂണിഫോം എവിടെ? നിങ്ങൾക്ക് ഇങ്ങനെ വരാൻ കഴിയുമോ? ഞാൻ ഒരു പാർലമെന്റ് അംഗമാണ്. നിങ്ങൾ എന്നോട് മറുപടി പറയണം.’ -ജോൺ ബ്രിട്ടാസ് പറഞ്ഞു.

ഹൈക്കോടതിയിൽ നിന്നാണ് വരുന്നത്, മഴയായതിനാലാണ് യൂണിഫോം ധരിക്കാതിരുന്നത് എന്നെല്ലാമുള്ള പോലീസിന്റെ ന്യായം അംഗീകരിക്കാൻ കഴിയില്ലെന്നും ബ്രിട്ടാസ് അവരോട് പറഞ്ഞു. ‘പോലീസ് നടപടിക്കായി എത്തിയതാണെങ്കിൽ നിങ്ങൾ യൂണിഫോം ധരിച്ചിരിക്കണം. തിരിച്ച് പോയി യൂണിഫോം ധരിച്ച് ബാഡ്ജുമായി വരണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്.’ -ബ്രിട്ടാസ് ഡൽഹി പോലീസിനോടായി പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!