സ്‌കൂളുകളില്‍ സൗജന്യ കെ ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി; തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Share our post

തിരുവനന്തപുരം: സ്‌കൂളുകളില്‍ കെ ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.

ഇനി മുതല്‍ കെ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന് സ്‌കൂളുകള്‍ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനം നല്‍കിയാല്‍ മതിയെന്ന് കെ ഫോണ്‍ തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് കെ ഫോണ്‍ ഇമെയില്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് 6000 സ്‌കൂളുകളിലാണ് കെ ഫോണ്‍ സേവനം നല്‍കുന്നത്. ഒരു ഓഫീസിനും ഇനി മുതല്‍ സൗജന്യമില്ലെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്. 2018 മുതലാണ് കെ ഫോണ്‍ സേവനം ലഭിച്ച് തുടങ്ങിയത്. കെ ഫോണ്‍ ആവശ്യമെങ്കില്‍ അറിയിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

സംസ്ഥാനത്തെ എല്ലാവര്‍ക്കും കുറഞ്ഞ ചെലവിലും ഗുണമേന്മയുള്ളതുമായ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് കെ ഫോണ്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കലും പദ്ധതിയുടെ ലക്ഷ്യമാണ്. ഐടി വകുപ്പിന് കീഴില്‍ കെഎസ്ഇബി, കെഎസ്‌ഐടിഐഎല്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഐടി പാര്‍ക്കുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെല്ലാം കെ ഫോണ്‍ വഴി ബന്ധിപ്പിച്ചിരുന്നു. ഇന്റര്‍നെറ്റ് ഒരു അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!