പ്ലാസ്റ്റിക് ശേഖരത്തിൽ ചാക്കിൽകെട്ടിയ പെരുമ്പാമ്പ്; ഹരിതകർമസേന തരംതിരിക്കുന്നതിനിടെ പുറത്തുചാടി
കൊയിലാണ്ടി: ഹരിത കർമസേനയുടെ പ്ലാസ്റ്റിക് ശേഖരത്തിൽ പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുത്താമ്പി എംസിഎഫിൽ ശേഖരിച്ചുവെച്ച പ്ലാസ്റ്റിക് പാഴ് വസ്തുക്കൾക്കൊപ്പമാണ് പ്ലാസ്റ്റിക് ചാക്കിൽ പെരുമ്പാമ്പിനെ ഇട്ട് മുറുകെ കെട്ടിവെച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെയോടെയായിരുന്നു സംഭവം.
പ്ലാസ്റ്റിക് വേർതിരിക്കുന്നതിനിടയിൽ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. തലനാരിഴയ്ക്കാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ചാക്കിൽ കുറേക്കൂടി പ്ലാസ്റ്റിക് വസ്തുക്കൾ നിറയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്.
അറിഞ്ഞുകൊണ്ടുതന്നെയാണ് പാമ്പിനെ വെച്ചതെന്നും ഇത്തരത്തിലുള്ള ക്രൂരത ആരും ചെയ്യരുതെന്നും ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു. സാധാരണ ചാക്ക് കെട്ടിന് ഇടയിലും പ്ലാസ്റ്റിക് വസ്തുക്കൾക്കൊപ്പവുമെല്ലാം പാമ്പിനെ കാണാറുണ്ട്. പക്ഷെ, ഇത്തരം ഒരു സംഭവം ആദ്യമായാണെന്നും അവർ പറഞ്ഞു.
