സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; എബേലിന് സസ്പെൻഷൻ
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. മൂന്ന് കേസാണ് എബേലിനെതിരെ മെഡിക്കൽ കോളജ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യ കേസിൽ എബേലിന് ജാമ്യം ലഭിച്ചതോടെ വിദ്യാർഥികൾ ഇന്നലെ പ്രതിഷേധിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വര്‍ഷം വിദ്യാര്‍ഥിയും പാലക്കാട് സ്വദേശിയുമാണ് എബേൽ. സഹപാഠികളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് എബേലിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടക്കത്തിൽ ഒന്നോ രണ്ടോ പേരുടെ പരാതിയിൽ മാത്രം കേസെടുത്ത പൊലീസ്, പ്രതിയെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ഇതിൽ പ്രതിഷേധവുമായി വിദ്യാര്‍ഥികൾ രംഗത്തെത്തിയിരുന്നു.
ഏകദേശം 13-ഓളം വിദ്യാർഥിനികളുടെ ചിത്രങ്ങളാണ് യുവാവ് മോർഫ് ചെയ്തിരിക്കുന്നത് എന്നും, അതിനാൽ ഓരോരുത്തരുടെയും പരാതിയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു വിദ്യാർഥികളുടെ പ്രധാന ആവശ്യം.
