15-ാം വയസിൽ 22 ലൈംഗികാതിക്രമ കേസുകൾ; ജുവനൈൽ കോടതി മതിയാകില്ലെന്ന് ജഡ്ജി

Share our post

പീഡനവാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കാറുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരകളാകുന്ന അത്യന്തം ദാരുണമായ സംഭവങ്ങളും ഇക്കൂട്ടത്തിലുണ്ട്. പലപ്പോഴും ഇത്തരം കേസുകളിൽ പ്രായപൂർത്തിയായവരാണ് പ്രതികളാകുന്നത്. എന്നാൽ ബ്രിട്ടനിലെ വെല്ലിങ്ബറോ നഗരത്തിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നത് വ്യത്യസ്തമായൊരു കേസാണ്.

15 വയസുകാരനെതിരെ 22 ലൈംഗികാതിക്രമ കേസുകളാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നഗ്നചിത്രം പകർത്തി പ്രചരിപ്പിച്ചതുമുതൽ യുവതിയെ ബലാത്സംഗം ചെയ്തതുവരെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2023 മുതൽ 2025 വരെയുള്ള കാലയളവിലാണ് 15കാരൻ ഇത്രയും ലൈംഗികാതിക്രമങ്ങൾ നടത്തിയതെന്നാണ് കേസ്. അതായത്, 13-ാം വയസുമുതൽ ഇയാൾ ഇത്തരം അതിക്രമങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

കേസ് പരിഗണിക്കുന്നതിനിടെ 15കാരനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിശദാംശങ്ങളും കോടതിയിൽ വിശദീകരിച്ചു. ഒരു യുവതിയെ ഇയാൾ 12 തവണ ലൈംഗികമായി അതിക്രമിച്ചെന്നാണ് ആരോപണം. 13 വയസുള്ള പെൺകുട്ടിയെ അനുവാദമില്ലാതെ ലൈംഗികോദ്ദേശ്യത്തോടെ സ്പർശിച്ചതും 10 വയസുകാരിയുടെ നഗ്നദൃശ്യങ്ങളും പീഡനദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തിയതും ഇയാൾക്കെതിരായ കുറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ 16 വയസിൽ താഴെയുള്ള നിരവധി പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയാണ് കേസ് പരിഗണിച്ചത്. മാതാവും കോടതിയിൽ എത്തിയിരുന്നു. എന്നാൽ, കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇത് ജുവനൈൽ കോടതിയുടെ പരിധിയിൽ മാത്രം ഒതുക്കാനാകില്ലെന്ന് ജഡ്ജി വ്യക്തമാക്കി.

നിലവിൽ 15കാരനെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. 16 വയസിൽ താഴെയുള്ള പെൺകുട്ടികളുമായി മുതിർന്നവരുടെ സാന്നിധ്യമില്ലാതെ ഇടപഴകരുതെന്നതും ജാമ്യവ്യവസ്ഥകളിൽ ഉൾപ്പെടുന്നു. കേസ് ഓഗസ്റ്റ് 18ലേക്ക് മാറ്റിവച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!