ഒടുവിൽ കേന്ദ്ര സർക്കാർ വഴങ്ങി, ‘നീറ്റ് ക്രമക്കേടിൽ പാർലമെന്‍റിൽ ചർച്ചയ്ക്ക് തയ്യാർ’; ധർമേന്ദ്ര പ്രധാൻ രാജി വെക്കും വരെ പ്രതിഷേധമെന്ന് പ്രതിപക്ഷം

Share our post

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനൊടുവില്‍ നീറ്റ് ക്രമക്കേടില്‍ പാർലമെന്‍റിൽ ചര്‍ച്ചക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ് ലോക് സഭ സ്പീക്കര്‍ ഓംബിര്‍ലയും, പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാകുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസും പ്രതിഷേധവും നിലപാട് കടുപ്പിച്ചു. മന്ത്രി സ്ഥാനത്ത് ധര്‍മ്മേന്ദ്ര പ്രധാന്‍ തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

വിശദവിവരങ്ങൾ

രാവിലെ പിരിഞ്ഞ ശേഷം പന്ത്രണ്ട് മണിക്ക് വീണ്ടും ചേര്‍ന്ന ലോക് സഭയില്‍ സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. എല്ലാ കക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തി ചര്‍ച്ചക്കുള്ള സമയവും, ദൈര്‍ഘ്യവും നിശ്ചയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സഭ സമ്മേളനം തുടങ്ങിയത് മുതല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും അനാവശ്യ ബഹളമുണ്ടാക്കി പ്രതിപക്ഷം പാര്‍ലമെന്‍റ് സ്തംഭിപ്പിക്കുന്നതിനാല്‍ ചര്‍ച്ച നടക്കാതെ പോയതാണെന്നും മന്ത്രി വിശദീകരിച്ചു. ചര്‍ച്ചയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസുകള്‍ നിരന്തരം തള്ളിയിരുന്ന സ്പീക്കര്‍ ഓംബിര്‍ലയും പ്രതിപക്ഷത്ത പഴിചാരി. സര്‍ക്കാര്‍ ചര്‍ച്ച പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജി വയ്ക്കണമെന്ന നിലപാടില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കെ സി വേണുഗോപാല്‍ എം പി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ലാത്തി ചാര്‍ജിനെ രൂക്ഷഭാഷയില്‍ അപലപിച്ച അഖിലേഷ് യാദവ്, മന്ത്രി രാജി വച്ചില്ലെങ്കില്‍ വീണ്ടും തെരുവിലേക്ക് ഇറങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി.

അതേ സമയം പ്രധാനമന്ത്രിയുടെ വസതി ഉപരോധിച്ച രാഹുല്‍ ഗാന്ധിയെ പൊലീസ് ദോഹോപദ്രവം ഏല്‍പിച്ചതില്‍ കറുത്ത വസ്ത്രമണിഞ്ഞാണ് രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്‍റിലെത്തിയത്. പാര്‍ലമെന്‍റ് വളപ്പില്‍ കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിക്കുകയും ചെയ്തു. രാഹുലിന്‍റെ നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ച ബി ജെ പി മന്ത്രിമാര്‍ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!