യുഎഇയിൽനിന്നെത്തിയ മലയാളിയുടെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ച് ഉദ്യോഗസ്ഥ; വിമാനത്താവള ജീവനക്കാർ കൂട്ടംകൂടി നിന്ന് ചിരിച്ചതായി പരാതി
കാസർകോട് : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും യുവാവ് പരാതി നൽകി. വനിതാ ഉദ്യോഗസ്ഥ ഷർട്ട് ഒഴികെ എല്ലാ വസ്ത്രങ്ങളും അഴിപ്പിച്ചു.
പരിശോധന കഴിഞ്ഞിറങ്ങിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് ചിരിച്ചെന്നും ചൂണ്ടിക്കാട്ടി കാസർകോട് എരിയാൽ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതി നൽകിയത്. പരിശോധന നടത്തിയതിലല്ല, നടത്തിയ രീതിയിലും ഒന്നും കണ്ടെത്താതിരുന്നിട്ടും അപമാനിക്കപ്പെട്ടതിലുമാണ് പരാതിയെന്ന് മഹ്ഷാദ് പറയുന്നു.
19ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. ഫുജൈറയിൽനിന്നെത്തിയ ഹുസൈനാർ മഹ്ഷാദിനോട് അടുത്തുള്ള മംഗളൂരു ഒഴിവാക്കി കണ്ണൂരിൽ ഇറങ്ങിയതെന്തിനെന്ന് ചോദിച്ചായിരുന്നു തുടക്കം. തുടർന്ന് ഫോൺ വാങ്ങിവച്ച് ലഗേജ് മുഴുവൻ സ്കാൻ ചെയ്തു. ഒന്നും കണ്ടെത്താതെ വന്നതോടെ വസ്ത്രമഴിപ്പിക്കുകയായിരുന്നു.
