ഷാപ്പിലെത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേർക്ക് കള്ള് നൽകി, പെൺകുട്ടി റോഡിൽ കുഴഞ്ഞുവീണു; കേസെടുത്ത് പൊലീസ്

Share our post

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്ക് കള്ള് നൽകിയ സംഭവത്തിൽ കേസ്. പറവൂർ-ചെറായി റോഡിലെ ചേരായിപാടത്തിന് സമീപമുള്ള കള്ളുഷാപ്പിലെ ലൈസൻസിക്കും ജീവനക്കാരനുമെതിരെയാണു വടക്കൻ പറവൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുള്ള രണ്ടു പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമാണ് ഷാപ്പിലെത്തി കള്ള് കുടിച്ചത്. തുടർന്ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പെൺകുട്ടി ഛർദിച്ചു. ഇതോടെ മുനമ്പം ഭാഗത്ത് ബസിറങ്ങിയ പെൺകുട്ടി റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബസ് ജീവനക്കാരും പ്രദേശവാസികളും ഇടപെട്ടതിനെ തുടർന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിലാക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു.

അമിതമായി കള്ള് ഉള്ളിൽ ചെന്നതാണ് ശാരീരികാസ്വസ്ഥതയ്ക്ക് കാരണമായതെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായി. ബന്ധുക്കളുടെ പരാതിയിൽ പറവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കാര്യം ഷാപ്പ് ഉടമയ്ക്കും ജീവനക്കാരനും അറിയാമായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ചികിത്സയെ തുടർന്ന് കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!