ട്രെയിൻ വൈകിയെത്തിയത് എട്ട് മണിക്കൂർ 48 മിനിറ്റ്; യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് കോടതി

Share our post

റാഞ്ചി: ട്രെയിൻ ഒൻപത് മണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. ട്രെയിൻ മണിക്കൂറോളം വൈകിയത് യാത്രികന് ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഝാർഖണ്ഡിലെ സാറൈകെല്ല ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ വിധി.

ദക്ഷിണ പൂർവ്വ റെയിൽവേ പരാതിക്കാരന് നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും നൽകാനാണ് ഉത്തരവെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു സെപ്റ്റംബർ 2-ന് കമ്മീഷൻ പ്രസിഡന്‍റ് സുനിൽ കുമാർ സിങ് അംഗങ്ങളായ പ്രദീപ് കുമാർ മിശ്ര, സഞ്ജു ഷാഹി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

2024 സെപ്റ്റംബറിൽ ടാറ്റാനഗറിൽ നിന്ന് സാംബൽപൂരിലേക്കുള്ള യാത്രക്കായി പരാതിക്കാരൻ ഇസ്പാറ്റ് എക്സ്പ്രസിൽ രണ്ട് സ്ലീപ്പർ-ക്ലാസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. രാവിലെ 10.18 ന് ടാറ്റാനഗറിൽ നിന്ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 3:50 ന് സാംബൽപൂരിൽ എത്തേണ്ടതായിരുന്നു ട്രെയിൻ. എന്നാൽ മണിക്കൂർ 48 മിനിറ്റ് വൈകിയാണ് ട്രെയിൻ സാംബൽപൂരിൽ എത്തിയത്. ട്രെയിൻ വൈകിയത് മൂലം ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായതായി യാത്രക്കാരൻ അവകാശപ്പെട്ടു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർക്ക് നിയമപരമായ നോട്ടീസ് നൽകി. 4.5 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.

പരാതിയെ എതിർത്ത റെയിൽവേ, ട്രെയിൻ വൈകിയതിനാൽ എന്തെങ്കിലും നഷ്ടമോ നാശനഷ്ടമോ ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപിക്കാൻ യാത്രക്കാരൻ മതിയായ തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്ന് വാദിച്ചു. കൂടാതെ ഇത്തരം തർക്കങ്ങൾ ഉപഭോക്തൃ കമ്മീഷന് മുന്നിലല്ല, മറിച്ച് 1987-ലെ ‘റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ ആക്ട്’ പ്രകാരമാണ് പരിഗണിക്കേണ്ടതെന്നും റെയിൽവേ അവകാശപ്പെട്ടു.എന്നാൽ ഉപഭോക്തൃ കമ്മീഷൻ റെയിൽവേയുടെ ഈ വാദങ്ങൾ പൂർണമായും തള്ളി. ഇത്തരം പരാതികൾ പരിഗണിക്കാൻ ഉപഭോക്തൃ ഫോറങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാണിച്ച കമ്മീഷൻ, റെയിൽവേയുടെ ഭാഗത്തുനിന്ന് സേവന വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് നേരിട്ട് പരിശോധിക്കുകയായിരുന്നു.

പരാതിക്കാരൻ വ്യക്തവും വിശ്വസനീയവുമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. എന്നാൽ തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള സാഹചര്യങ്ങൾ കാരണമാണ് ട്രെയിൻ വൈകിയതെന്ന് തെളിയിക്കാൻ റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നും കമ്മീഷൻ വിലയിരുത്തി. ദീർഘനേരത്തെ വൈകൽ യാത്രികന് ശാരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ഇത് സേവനത്തിലെ കടുത്ത വീഴ്ചയാണെന്നും കമ്മീഷൻ നിഗമനത്തിലെത്തി.

“ട്രെയിൻ വൈകിയത് കാരണം പരാതിക്കാരന് ശാരീരികവും മാനസികവും സാമ്പത്തികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു,” എന്ന് വ്യക്തമാക്കിയ കമ്മീഷൻ, പരാതിക്കാരന് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു.

നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവുകൾക്കായി 5,000 രൂപയും ഉൾപ്പെടെ ആകെ 35,000 രൂപ നൽകാനാണ് റെയിൽവേയോട് ഉത്തരവിട്ടത്. ഉത്തരവ് വന്ന് 45 ദിവസത്തിനകം ഈ തുക നൽകണം. നിശ്ചിത സമയത്തിനുള്ളിൽ തുക നൽകാതിരുന്നാൽ, ഉത്തരവ് വന്ന തിയതി മുതൽ തുക പൂർണമായി അടച്ചുതീർക്കുന്നത് വരെ പ്രതിവർഷം 12% പലിശ നൽകേണ്ടിവരുമെന്നും കമ്മീഷൻ വ്യക്തമാക്കി.

ട്രെയിൻ സർവീസ് ദീർഘനേരം വൈകുകയും, അതുമൂലം ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്താൽ അനുയോജ്യമായ സാഹചര്യങ്ങളിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നഷ്ടപരിഹാരം ഈടാക്കാം എന്നാണ് ഈ വിധി വ്യക്തമാക്കുന്നത്.

നഷ്ടപരിഹാരം ആഗ്രഹിക്കുന്ന യാത്രക്കാർ ട്രെയിന്‍റെ നിശ്ചിത സമയവും യഥാർത്ഥത്തിൽ എത്തിയ സമയവും തെളിയിക്കുന്ന രേഖകൾ, ടിക്കറ്റുകൾ, റെയിൽവേ അധികൃതരുമായി നടത്തിയ ആശയവിനിമയങ്ങൾ, സാമ്പത്തിക നഷ്ടത്തിന്റെ തെളിവുകൾ എന്നിവ സൂക്ഷിക്കുന്നത് കേസിന് സഹായകരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!