ഇരിട്ടി ബസ്സ്റ്റാൻഡ് ശുചിമുറി മാലിന്യം തുറന്ന കുഴിയിലേക്ക് ഒഴുക്കി വിടുന്നു
ഇരിട്ടി: ഇരിട്ടി നഗരസഭായുടെ പുതിയ ബസ്സ്റ്റാൻഡിലെ ശുചിമുറി നവീകരണം നടത്തുന്നതിനിടെ കക്കൂസ് മാലിന്യം തുറന്ന കുഴിയിലേക്ക് ഒഴുക്കി വിടുന്നു. മാലിന്യം കാരണം ദുർഗന്ധത്തിനൊപ്പം പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുകയാണ്.നിരവധി വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും പ്രവർത്തിക്കുന്ന നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന്റെ പിൻവശത്താണ് തുറന്ന കുഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത്. ഇവിടെ നിന്ന് മലിനജലം പഴശി കുടിവെള്ള പദ്ധതി മേഖലയിലേക്ക് ഒഴുകിയെത്താനും സാധ്യതയുണ്ട്.
നഗരസഭയ്ക്ക് മലിനജല ശുദ്ധീകരണ പ്ലാന്റ് ഉണ്ടായിരിക്കെ പൊതുസ്ഥലത്ത് കുഴിയെടുത്ത് ശുചിമുറി മാലിന്യം ഒഴുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന കൗൺസിലർ സി. രജീഷ് പറഞ്ഞു. നഗരസഭയുടെ നിരുത്തരവാദപരമായ നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപിയും മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയിലേക്ക് മലിനജലം എത്താൻ സാധ്യതയുള്ളത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് ബിജെപി നേതാവ് സത്യൻ കൊമ്മേരി പറഞ്ഞു.
അതേസമയം, നിലവിലുള്ള ശൗചാലയത്തിലെ പഴയ സെപ്റ്റിക് ടാങ്ക് നഗരസഭയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് ഉപയോഗിച്ച് ശുചീകരിച്ചിട്ടുണ്ടെന്നും നിലവിൽ നിർമിക്കുന്നത് പുതിയ സെപ്റ്റിക് ടാങ്കാണെന്നും നഗരസഭ അധികൃതർ വിശദീകരിച്ചു. നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി എടുത്ത കുഴി കോൺക്രീറ്റ് ചെയ്ത് മൂടുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ കുഴി മൂടാനുള്ള ശ്രമം ആരംഭിച്ചതോടെ ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ച് പ്രവർത്തനം തടഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധാവസ്ഥ നിലനിന്നു.
