അമിതമായി എഐ ഉപയോഗിക്കുന്നവരാണോ? എങ്കില്‍ പണി വരുന്നുണ്ടവറാച്ചാ..; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സിഇഒ
AI അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? AIയുടെ സഹായം തേടുന്ന കമ്പനിയാണോ നിങ്ങളുടേത്? എങ്കില്‍ പണി കിട്ടും. ഈ മുന്നറിയിപ്പ് നല്‍കുന്നത് മറ്റാരുമല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബ്ലോഗ് ആണ് ഇപ്പോള്‍ ചൂടന്‍ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത്.
AI ഉപഭോക്താക്കള്‍ രണ്ട് തവണയാണ് AI ടൂളുകള്‍ക്കായി പണം ചിലവാക്കുന്നത്. ഒരുവട്ടം വിലനല്‍കി ടൂള്‍ വാങ്ങുന്നു. ഈ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വന്തം വിലപ്പെട്ട ഡേറ്റയും വിലയായി നല്‍കുന്നു. ഇത് പക്ഷേ അവര്‍ അറിയുന്നില്ലെന്ന് സത്യ നദെല്ല പറയുന്നു.
“നിങ്ങൾ ശരിക്കും AIക്ക് വേണ്ടി രണ്ടുതവണയാണ് വില നൽകുന്നത്. ഒന്ന് പണമായിട്ടും, മറ്റൊന്ന് അതിനേക്കാൾ ഏറെ വിലപിടിപ്പുള്ള നിങ്ങളുടെ സ്വന്തം അറിവുകളായും. ആ AIയെ നിങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാക്കണമെങ്കിൽ ഈ അറിവുകൾ നിങ്ങൾ അതിന് നൽകിയേ തീരൂ. AI മോഡൽ എത്രത്തോളം മികച്ച രീതിയിൽ പ്രവർത്തിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ അത്രത്തോളം നിങ്ങളുടെ സ്വന്തം വിവരങ്ങൾ അതിലേക്ക് നൽകാൻ നിങ്ങൾ നിർബന്ധിതരാകും..’ സത്യ നദെല്ല പറയുന്നു.
എന്നാല്‍ അതിനേക്കാള്‍ അപകടംപിടിച്ച കാര്യം ബിസിനസ് സ്ഥാപനങ്ങൾ AIയെ ആശ്രയിക്കുന്നതാണെന്നും സത്യ നദെല്ല തന്‍റെ ബ്ലോഗില്‍ കുറിക്കുന്നു. തങ്ങളുടെ ബിസിനസിന്റെ തന്ത്രപ്രധാനമായ രഹസ്യങ്ങളും പ്രവർത്തനരീതികളും AI മോഡലുകളെ അക്ഷരാർത്ഥത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ ഗൂഗിളിലോ മറ്റോ തിരയുന്നത് പോലെ വെറുതെ വിവരങ്ങൾ തിരയുക മാത്രമല്ല AIൽ ചെയ്യുന്നത്. ഓഫീസിലെ കാര്യങ്ങൾ ചെയ്യാനും ഇമെയിൽ എഴുതാനും കോഡിങ് ചെയ്യാനുമൊക്കെ പലരും AI ഉപയോഗിക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ‘ഇതല്ല, ഇങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന് നമ്മൾ AIയെ തിരുത്തി പഠിപ്പിക്കാറുമുണ്ട്. ആ തിരുത്തലിലൂടെ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് രഹസ്യങ്ങളാണ് AI പഠിച്ചെടുക്കുന്നത്. ഫലത്തിൽ സ്വന്തം ചെലവിൽ നമ്മൾ തന്നെ AIയെ മിടുക്കനാക്കി മാറ്റുകയാണെന്നും ഒപ്പം നമ്മുടെ ബിസിനസ് രഹസ്യങ്ങൾ അതിന് ചോർത്തി നൽകുകയും ചെയ്യുകയാണെന്നും സത്യ നദെല്ല പറഞ്ഞു. ഒരു എതിരാളിക്ക് ഒരിക്കലും പണം കൊടുത്തു വാങ്ങാൻ കഴിയാത്ത അത്രയും സവിശേഷമായ അറിവായിരുന്നിട്ടും സ്ഥാപനങ്ങൾ യാതൊരു മടിയുമില്ലാതെ ഇതെല്ലാം AIക്ക് മുന്നിൽ തുറന്നു കാട്ടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഓപ്പൺഎഐ (OpenAI), ആന്ത്രോപിക് (Anthropic) എന്നീ AI കമ്പനികളിൽ വലിയ നിക്ഷേപം നടത്തിയിട്ടുള്ള മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ തന്നെ ഇത്തരം മുന്നറിയിപ്പുമായി വരുന്നതാണ് ഏറ്റവും കൗതുകവും ആശങ്കയും ഉയര്‍ത്തുന്നകാര്യം.
