വയോധികന്‍ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

Share our post

കോഴിക്കോട്: തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടി ഹാജി(71)യുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. വടകരയിലെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി മുന്‍ പ്രസിഡന്റും മുൻ ഡിസിസി സെക്രട്ടറിയുമായ ടി വി സുധീര്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. സുധീര്‍ കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്തത്.

മെയ് 29-നാണ് വടകരയിലെ സുധീറിന്റെ വീട്ടിലെത്തി വയോധികന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിക്ഷേപത്തുക കിട്ടാത്തതിനാലാണ് ഇബ്രാഹിം ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി സൊസൈറ്റി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍ കുമാറും പ്രസിഡന്റ് ബഷീറുമാണെന്ന് ആരോപിക്കുന്ന ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് കടത്തനാട് ലേബര്‍ സൊസൈറ്റി പ്രസിഡന്റ് രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുട്ടിയ്ക്ക് പണം നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പറഞ്ഞിരുന്നു.

ഇബ്രാഹിം പല തവണ നിക്ഷേപത്തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും പലിശ മാത്രമാണ് കൊടുക്കാന്‍ കഴിഞ്ഞതെന്നും ബഷീര്‍ അഹമ്മദ് സമ്മതിച്ചിരുന്നു. സൊസൈറ്റി ഒരുകോടി, 69 ലക്ഷത്തിന്റെ നഷ്ടത്തിലാണെന്നും അതുകൊണ്ടാണ് പണം കൊടുക്കാന്‍ കഴിയാത്തതെന്നും ബഷീര്‍ പറഞ്ഞു. ഒന്നു രണ്ട് മാസം കൊണ്ട് പണം തരാം എന്ന് ഇബ്രാഹിമിനോട് പറഞ്ഞിരുന്നുവെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!