ലഹരി മാഫിയയുടെ വേരറുക്കാൻ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണം- ചെന്നിത്തല
കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ജില്ലയിലെ ഔദ്യോഗിക ഉദ്ഘാടനം കുന്ദമംഗലത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇതിനെതിരെ കേരളത്തിലെ മുഴുവൻ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപ്പറേഷൻ തൂഫാനിലൂടെ പ്രാവർത്തികമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരി മാഫിയക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരായ വലിയ പോരാട്ടമാണ് ഓപ്പറേഷൻ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളത്. മയക്കുമരുന്നിന്റെ വ്യാപനം കാരണം മാതാപിതാക്കൾ കുട്ടികളെ സ്കൂളിലയക്കുന്നത് പോലും ഭയത്തോടെയാണ്. പുതിയ കേരളം കെട്ടിപ്പടുക്കണമെങ്കിൽ ലഹരി ഉപയോഗിക്കാത്ത പുതിയ തലമുറയെ വളർത്തിയെടുക്കണം. സജീവമായ മയക്കുമരുന്ന് ലോബിയെ തകർക്കാൻ കേരളത്തിലെ ചെറുപ്പക്കാരുടെ സേനക്ക് മാത്രമേ സാധിക്കൂ. അവരുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാന്റെ ഭാഗമാകണമെന്നും ചെന്നിത്തല അഭ്യർഥിച്ചു.
ലഹരിക്കെതിരായ ദീപശിഖ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എക്ക് അദ്ദേഹം കൈമാറി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം, ലഹരിക്കെതിരായ വൺ മില്യൺ ഗോൾ ക്യാമ്പയിനിന്റെയും എജ്യൂ കാർണിവലിന്റെയും ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു.
