ടൂറിസ്റ്റ് ബസുകൾക്ക് ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി; ഇനി കേരള രജിസ്‌ട്രേഷൻ ബസുകൾ കൂടും

Share our post

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നികുതി കുറച്ചതിലൂടെ സർക്കാരിന് ലഭിക്കാനിടയുള്ളത് വലിയ വരുമാനം. തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ നിരക്കുകളെക്കാൾ കുറവാണ് ഇപ്പോൾ കേരളത്തിൽ നിശ്ചയിച്ചിട്ടുള്ള നികുതി. അതിനാൽ, കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന ബസുകളുടെ എണ്ണം കൂടാനാണ് സാധ്യത.

700 ബസുകളെങ്കിലും മറ്റു സംസ്ഥാനത്ത് രജിസ്റ്റർചെയ്ത് കേരളത്തിൽ ഓടുന്നുണ്ട്. ഇവയും സംസ്ഥാന രജിസ്ട്രേഷനിലേക്ക് മാറാനാണ് സാധ്യത. സംസ്ഥാനത്തിനകത്തുമാത്രം ഓടാൻ അനുമതിയുള്ള കോൺട്രാക്ട് കാരിയേജ് ബസുകളുടെ നികുതിയും അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നികുതിയും തമ്മിൽ വലിയ അന്തരമില്ല. അതിനാൽ, അഖിലേന്ത്യാ പെർമിറ്റിലേക്ക് കൂടുതൽ ബസുകൾ മാറാനുള്ള സാധ്യത ഏറെ.

നിലവിൽ ബസുകൾക്ക് ഒരു സീറ്റിന് 2000 രൂപയും ഒരു സ്ലീപ്പറിന് 3000 രൂപയുമാണ് മൂന്നുമാസത്തേക്ക് കേരളത്തിൽ നികുതി. ഇത് 900 രൂപയും 1500 രൂപയുമായാണ് കുറയ്ക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയിലെ കുറഞ്ഞനിരക്ക് കേരളത്തിലാവും. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റാകുമ്പോൾ സംസ്ഥാന നികുതിക്കുപുറമേ, ഒരു വർഷം മൂന്നു ലക്ഷവും മൂന്നു മാസത്തേക്കാണെങ്കിൽ 90,000 രൂപയുമാണ് നികുതി. ഇത് കേന്ദ്രസർക്കാരിന് നൽകുന്നതാണ്. രജിസ്റ്റർചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ഇതിന്റെ വിഹിതം ലഭിക്കും.

ബസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെങ്കിൽ ഷാസിയടക്കം അതത് സംസ്ഥാനങ്ങളിൽനിന്നെടുക്കണം. വലിയ ബസ്സുകൾക്ക് 40 ലക്ഷമാണ് ഷാസി വില. ഇതിന് 28 ശതമാനം ജി.എസ്.ടി. വിഹിതം ലഭിക്കും. ബോഡി നിർമാണത്തിന് മറ്റുസംസ്ഥാനത്തേക്ക് കൊണ്ടുപോകുമ്പോൾ താത്കാലികപെർമിറ്റ് വേറെയും എടുക്കണം. ഇതിലും സംസ്ഥാനത്തിന് വിഹിതം ലഭിക്കും.

നികുതിയിലെ മാറ്റം

  • സ്റ്റേജ് കാരിയേജ് ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്.
  • ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസിന് സീറ്റിനുള്ള നികുതി 2000 രൂപയിൽനിന്ന് 900 ആക്കി.
  • സ്ലീപ്പർ ബസിന്റെ നികുതി നിരക്ക് ഒരു സ്ലീപ്പറിന് 3000 രൂപയിൽനിന്ന് 1500 ആക്കി.
  • ട്രയിലർ വാഹനങ്ങളുടെ ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിച്ചു.
  • 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രയിലർ വാഹനങ്ങളുടെ നികുതി സ്ലാബ് ഒഴിവാക്കി.
  • 15,000 കിലോഗ്രാമിന് മുകളിലുള്ള എല്ലാവാഹനങ്ങൾക്കും ഏകീകരിച്ച നികുതി.
  • ഭിന്നശേഷിക്കാർക്ക് നികുതി ഇളവിനുള്ള വാഹനത്തിന്റെ മൂല്യപരിധി ഏഴിൽനിന്ന് 15 ലക്ഷമാക്കി.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!