പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയില്ല, കല്ലറയുടെ നമ്പർ മാറിപ്പോയതെന്ന് പൊലീസ്
കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ളറയുടെ നമ്പറുകൾ മാറിപ്പോയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. പായയിൽ സംസ്കരിച്ച മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
2006ലും 2015ലും ഈ കല്ളറയിൽ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. 2015ൽ പായയോടെ സംസ്കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹമാണ് അത്തരത്തിൽ സംസ്കരിച്ചത്. ഏഴ് ദിവസം മുമ്പ് റൊട്ടേഷൻ അനുസരിച്ച് 38–ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം സംസ്കരിക്കാറില്ല. ഇതാണ് ആശയക്കുഴപ്പത്തിന് വഴിവച്ചത്.
പള്ളിയിൽ സൂക്ഷിക്കുന്ന മരണ രജിസ്റ്റർ പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞില്ല. 2015ൽ അടക്കം ചെയ്തയാളുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് അവ്യക്തത നീങ്ങിയത്. 2015ൽ രക്തം ഛർദിച്ച് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പായയോടെ കല്ലറയിൽ സംസ്കരിക്കുകയായിരുന്നു
