‘ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം, പദ്ധതികളുണ്ട് പക്ഷേ ധനാഗമന മാർഗങ്ങളില്ല’; എം ടി രമേശ്
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വെടിക്കെട്ടിലെ ആകാശവിസ്മയമെന്ന് ഉപമിച്ച് ബിജെപി നേതാവ് എം ടി രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത ബജറ്റിൽ ഒരുപാട് പദ്ധതികളെ കുറിച്ച് പറയന്നുണ്ടെങ്കിലും ധനാഗമന മാർഗങ്ങളെ കുറിച്ച് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ഒരു നിർദേശവുമില്ല. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ ആവർത്തനമാണിതെന്നും വാഗ്ദാനം വാരിവിതറുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രസംഗ മത്സരം ആയിരുന്നെങ്കിൽ വി ഡി സതീശന് അവാർഡ് നൽകാമായിരുന്നുവെന്നും സഭയിൽ അദ്ദേഹം നന്നായി പ്രസംഗിച്ചിട്ടുണ്ടെന്നും എം ടി രമേശ് പരിഹസിച്ചു.
അതേസമയം പിഎം ശ്രീ പദ്ധതിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പിഎം ശ്രീയിൽ ഒപ്പിട്ടതിന് ശേഷമാണ് കഴിഞ്ഞ സർക്കാർ പണം അനുവദിച്ചത്. പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ ഈ ഗവൺമെന്റിന് പണം അനുവദിക്കൂ. ഇനി പിഎം ശ്രീയിൽ നിന്നും പിൻവാങ്ങാൻ സംസ്ഥാനത്തിന് സാധിക്കില്ലെന്നും പിന്മാറാൻ കേന്ദ്രത്തിന് മാത്രമേ സാധിക്കുള്ളുവെന്നും എം ടി രമേശ് പറഞ്ഞു. പിഎം ശ്രീ പദ്ധതിയോട് എന്തിനാണ് എതിർപ്പെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും അന്ധമായ കേന്ദ്ര വിരുദ്ധ വികാരം ഉണ്ടാകുമ്പോൾ നഷ്ടം കേരളത്തിനാണെന്നും എം ടി രമേശ് പറഞ്ഞു.
വീണ ടിയ്ക്കെതിരായ ഇ ഡി അന്വേഷണത്തില്‍, ബിജെപിയോ കേന്ദ്ര സർക്കാരോ കേസില്‍ ഇടപെടുന്നില്ലെന്നും ചോദ്യം ചെയ്യലും അന്വേഷണവും തീരുമാനിക്കുന്നത് കേന്ദ്ര ഏജൻസിയാണെന്നുമാണ് എം ടി രമേശ് പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന എല്ലാ പേരുകളെ കുറിച്ചും അന്വേഷിക്കണമെന്നും യുഡിഎഫ് നേതാക്കളുടെ പേരും അതിലുണ്ടല്ലോയെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.
