പണ്ട് വലിച്ചെറിഞ്ഞ ചിരട്ടയ്ക്കും നല്ലകാലം; ഒരു കിലോയ്ക്ക് 32 രൂപ വരെ വില

Share our post

ചെറുപുഴ: സംസ്ഥാനത്ത് പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നു. മലയോരത്ത് ഇപ്പോൾ ഒരു കിലോ ചിരട്ടയ്ക്ക് 32 രൂപ വരെ വില ലഭിക്കുന്നുണ്ട്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെ ആളുകളാണു ചിരട്ട ശേഖരിക്കാൻ വാഹനങ്ങളുമായി മലയോര മേഖലയിലെ വീടുകളിൽ എത്തുന്നത്. ആക്ടിവേറ്റഡ് കാർബൺ, സൗന്ദര്യവർധക വസ്തുക്കൾ, പെയ്ന്റ് എന്നിവ നിർമിക്കുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനു ചിരട്ടക്കരി വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങിയതോടെയാണു വില ഉയരാൻ തുടങ്ങിയത്. ഇതിനിടെ പച്ചത്തേങ്ങയുടെ വില ദിവസം ചെല്ലുന്തോറും കുറയുന്നത് കേര കർഷകരെ ദുരിതത്തിലാക്കുന്നു. നേരത്തേ കേരഫെഡിൽനിന്ന് ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 78 രൂപ വരെ ലഭിച്ചിരുന്നു.

ഇപ്പോൾ 43 രൂപ മാത്രമാണു ലഭിക്കുന്നത്. പൊതുവിപണിയിൽ ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 38 രൂപയാണു കർഷകനു ലഭിക്കുന്നത്. കേരളത്തിൽനിന്നു ശേഖരിക്കുന്ന ചിരട്ട തമിഴ്നാട്ടിലെയും കർണാടകയിലെയും വ്യവസായശാലകളിലേക്കാണു കൊണ്ടുപോകുന്നത്. ചിരട്ടയ്ക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും പച്ചത്തേങ്ങ വിൽക്കുന്ന കർഷകന് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. കൊപ്രയാക്കാനുള്ള സംവിധാനം ഇല്ലാത്തതും കാലാവസ്ഥ വ്യതിയാനവുംമൂലം ഒട്ടുമിക്ക കർഷകരും പച്ചത്തേങ്ങ തന്നെ വിൽക്കുകയാണു ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!