ഐസിയു പീഡനം; പുനരന്വേഷണം വേണമെന്ന് അതിജീവിത; നാളെ മുഖ്യമന്ത്രിയെ കാണും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ സംഭവത്തിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ കാണും. നാളെ വൈകിട്ട് നാല് മണിക്കാണ് മുഖ്യമന്ത്രി വി.ഡി സതീശനെ കാണുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരായ അന്വേഷണം പാതിവഴിയിൽ നിലച്ചതിനെ തുടർന്നാണ് അതിജീവിത പുനരന്വേഷണം ആവശ്യപ്പെടുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ 2023-ലാണ് അതിജീവിത പീഡനത്തിനിരയായത്.
കേസിൽ ഒപ്പം നിന്ന അന്നത്തെ പ്രതിപക്ഷം ഇന്ന് ഭരണകക്ഷി ആയതോടെയാണ് നിഷ്പക്ഷ അന്വേഷണം ഉണ്ടാകുമെന്ന് അതിജീവിത പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഭരണകാലയളവിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരെ കൂടി നടപടിയുണ്ടാകുമെന്നാണ് ആക്ഷൻ കമ്മിറ്റിയും കരുതുന്നത്.
2023 മാർച്ച് 18-നാണ് കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ഐസിയുവിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അതിജീവിതയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഭരണാനുകൂല സർവീസ് സംഘടന ഉൾപ്പെടെ പ്രതിയെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തിയെങ്കിലും അതിജീവിതയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
