ആളുകൾ മടിച്ചിടത്ത് ഇറങ്ങിച്ചെന്നു, സിപിഒ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി
കോട്ടയം: മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വീഡിയോ കോളിലൂടെയാണ് മന്ത്രി പ്രീതീഷുമായി സംസാരിച്ചത്.
നിങ്ങൾ ചെയ്തത് നല്ല കാര്യമാണെന്നും കേരള പോലീസിന് നിങ്ങൾ അഭിമാനമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബഹുമതി നൽകുന്ന കാര്യത്തെക്കുറിച്ച് എസ്പിയുമായി സംസാരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടിൽനിന്ന് കാണാതായ വാകത്താനം ചക്കിട്ടാംപറമ്പിൽ അമൽ വർഗീസിന്റെ മൃതദേഹമാണ് പ്രീതിഷ് കരയ്ക്കെടുത്തത്. 27-ന് പുലർച്ചെ വീട്ടിൽനിന്ന് കാണാതായ അമലിനെ മരിച്ചനിലയിൽ വെള്ളിയാഴ്ച വൈകീട്ട് വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും എത്തി. ആഴക്കൂടുതലുള്ള തോട്ടിൽനിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന അഭിപ്രായം ഉയർന്നു. സമയം കൂടുതൽ വൈകിയാൽ ഇൻക്വസ്റ്റ് നടപടികളും വൈകുമായിരുന്നു.
താമസിയാതെ, പ്രീതീഷ് തോട്ടിലൂടെ നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു. സംഭവത്തിന്റെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ കോട്ടയം മള്ളൂശേരി സ്വദേശിയായ പ്രീതീഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.
