‘വികസന ഭൂപടത്തിൽ നിന്ന് എന്തുകൊണ്ടാണ് എന്നും മാറ്റിനിർത്തുന്നത്?’; അതിവേഗ റെയിൽപാതയിൽ കാസർകോടിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
കാസർകോട്: അതിവേഗ റെയിൽപാതയിൽ നിന്ന് കാസർകോട് ജില്ലയെ ഒഴിവാക്കിയതിനെതിരെ ജില്ലയിൽ പ്രതിഷേധം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് അതിവേഗറെയിൽപാത വരുന്നത്. കാസർകോട് ജില്ലയെ മാത്രമാണ് ഇതിൽ മാറ്റിനിർത്തിയിരിക്കുന്നത്. ഈ അവഗണന അംഗീകരിക്കാനാവില്ല എന്നാണ് ജില്ലയുടെ പൊതുവികാരം.
കാസർകോടുള്ളവർ കണ്ണൂരിലിറങ്ങി നാട്ടിലേക്ക് നടന്നുപോകണോ? എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. ”എന്തുകൊണ്ടാണ് കാസർകോടിനെ എന്നും വികസന ഭൂപടത്തിൽ നിന്നും മാറ്റിവെക്കുന്നത്? എന്നും യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ, പാതിരാത്രി കണ്ണൂര് ഇറങ്ങി ഓടി കെഎസ്ആർടിസി കയറണം നാട്ടിലെത്താൻ. കാരണം ആ ട്രെയിൻ കണ്ണൂര് വരെ ഉള്ളൂ, ഇനി അഥവാ രാവില പുലർച്ചെ എറണാകുളത്തേക്ക് പോകണമെങ്കിൽ രാവിലെ 4.50നും അഞ്ചിനും കണ്ണൂരിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ മാത്രമാണുള്ളത്. വല്ലാത്ത അവസ്ഥയാണ്, എന്റെ വീട് ഹൈവേ സൈഡാണ് മിക്കപ്പോഴും കാണുന്നത് ആംബുലൻസ് വടക്കോട്ടും തെക്കോട്ടും പോകുന്നത് ഒന്നുകിൽ മംഗലാപുരത്തേക്ക് അല്ലെങ്കിൽ കണ്ണൂരേക്ക്… നമുക്ക് നല്ലൊരു ഹോസ്പിറ്റൽ ഇല്ല. യാത്രാസൗകര്യമില്ല. ഇതൊക്കെ മാറി മാറി വന്ന ഭരണകൂടങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതാണോ കാണാത്തതാണോ?”- നടൻ ഉണ്ണി രാജ ഫേസ്ബുക്കിൽ കുറിച്ചു.
