‘ബാങ്ക് പ്രസിഡന്റ് വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചു’; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ ശബ്ദസന്ദേശം

Share our post

വടകര: നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേരായ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തൽ. സഹകരണവകുപ്പ് ഓഡിറ്റ് വിഭാഗം അഞ്ചുമാസം മുൻപ്‌ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇതുൾപ്പെടെ ഒട്ടേറെ നിയമലംഘനങ്ങൾ യു.ഡി.എഫ്. നേതൃത്വത്തിലുള്ള സൊസൈറ്റിയിൽ നടന്നതായി സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാത്ത സാഹചര്യത്തിൽ സംഘത്തിന്റെ ബാധ്യത നിശ്ചയിക്കാനുള്ള നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് നിക്ഷേപകന്റെ ആത്മഹത്യ.

സഹകരണവകുപ്പ് വടകര എ.ആർ. ഓഫീസിന്റെ പരിശോധനയിൽ ആറുമാസം മുൻപ്‌ ക്രമക്കേട് റിപ്പോർട്ടുചെയ്തിരുന്നു. തുടർന്ന്, ജോയിന്റ് രജിസ്ട്രാർക്ക് റിപ്പോർട്ടുനൽകി. ഓഡിറ്റ് വിഭാഗത്തിന്റെ അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കോഴിക്കോട് ഓഡിറ്റ് ജോയിന്റ് ഡയറക്ടർ സംഘത്തിന്റെ പേരിൽ വടകര പോലീസിൽ പരാതിനൽകി. 2025 ഡിസംബർ എട്ടിന് സംഘം ഡയറക്ടർമാരുടെ പേരിലും സെക്രട്ടറിയുടെ പേരിലും പോലീസ് ക്രിമിനൽ വിശ്വാസലംഘനത്തിനും വഞ്ചനയ്ക്കും കേസെടുത്തു. ഈ കേസ് ഒരാഴ്ചമുൻപ്‌ കോഴിക്കോട് റൂറൽ ക്രൈംബ്രാഞ്ചിന് കൈമാറി.

സംഘം ഡയറക്ടർമാരും ജീവനക്കാരും ചേർന്ന് കരാർപ്രവൃത്തികൾ വ്യാജമായി കാണിച്ചും സംഘത്തിന്റെ വാഹനം അനുമതിയില്ലാതെ കൈമാറിയും 2,16,90,134 രൂപ സംഘത്തിൽനിന്ന് കൈപ്പറ്റി വിശ്വാസവഞ്ചന ചെയ്തെന്നാണ് കേസ്. ഈ തുകയെല്ലാം നിക്ഷേപമായി വാങ്ങിയതാണ്. ഇത്രയുംതുക തിരിച്ചുകൊടുക്കാൻ സംഘത്തിന്റെ കൈവശം നിക്ഷേപമൊന്നുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. തിരിച്ചുകൊടുക്കാനുള്ള തുക ഇതിലേറെ വരുമെന്നാണ് കണക്കാക്കുന്നത്. വേറെയും നിക്ഷേപകർ പണം തിരിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ട് സഹകരണവകുപ്പിൽ പരാതിനൽകിയിട്ടുണ്ട്.

സംഘം നിക്ഷേപഗാരന്റി പദ്ധതിയിൽ ഇല്ല

സഹകരണസ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന തുക തിരികെ നൽകാൻ കഴിയാത്ത സാഹചര്യത്തിൽ നിക്ഷേപങ്ങൾക്ക് ഗാരന്റി നൽകുന്ന നിക്ഷേപ ഗാരന്റി പദ്ധതിയിൽ കടത്തനാട് ലേബർ സൊസൈറ്റി ചേർന്നിട്ടില്ല. നിക്ഷേപം വാങ്ങുന്ന സഹകരണസ്ഥാപനങ്ങളെല്ലാം ഈ പദ്ധതിയിൽ ചേരണമെന്നാണ് വ്യവസ്ഥ. ഇതിന് നിക്ഷേപത്തിന്റെ നിശ്ചിതശതമാനം തുക അടയ്ക്കണം.

കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപഗാരന്റി പദ്ധതിയിൽ ഇല്ലെന്ന വിവരവും അന്വേഷണറിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽ അംഗമാണെങ്കിൽമാത്രമേ നിക്ഷേപകർക്ക് ഗാരന്റി തുക ലഭിക്കൂ. പദ്ധതിയിൽ ചേരാതെ, ഇത്രയുംതുക നിക്ഷേപം വാങ്ങിയിട്ടും സഹകരണവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. നിക്ഷേപത്തിൽ നിശ്ചിതതുക സൂക്ഷിക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചിട്ടില്ല.

അന്വേഷണത്തിൽ മെല്ലെപ്പോക്ക്

കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരേ ഇബ്രാഹിംഹാജി നൽകിയ പരാതിക്കുപുറമേ സഹകരണവകുപ്പ് നൽകിയ പരാതിയും പോലീസിന്റെ മുൻപാകെയുണ്ട്. രണ്ടിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വകുപ്പിന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് അഞ്ചുമാസത്തിനുശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ചാകട്ടെ അന്വേഷണം തുടങ്ങിയിട്ടില്ല. ഇബ്രാഹിംഹാജിയുടെ പരാതിയിൽ കേസെടുത്തിട്ട് നാലുമാസമായി. ഇതിലും അന്വേഷണം പൂർത്തിയായിട്ടില്ല.

വകുപ്പുതലത്തിൽ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിട്ട് ആറുമാസത്തോളമായി. പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പും വേണ്ട ഇടപെടൽ നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. പരാതികൾ കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇബ്രാഹിംഹാജിയുടെ മരണം ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുയരുന്നുണ്ട്.

ജീവനൊടുക്കിയ ഇബ്രാഹിംഹാജിയുടെ ശബ്ദസന്ദേശം പുറത്ത്

വലിയലാഭം വാഗ്ദാനംചെയ്ത് പണംവാങ്ങി വഞ്ചിച്ചതിനെതിരേ മുഖ്യമന്ത്രിയുടെ ഓഫീസിലും പോലീസിലും പരാതിനൽകിയതിന്റെ പേരിൽ കടത്തനാട് ലേബർ സർവീസ് സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻശ്രമിച്ചതായി ആത്മാഹുതിചെയ്ത തിരുവള്ളൂരിലെ ഇബ്രാഹിംഹാജിയുടെ ശബ്ദസന്ദേശം പുറത്ത്. ബി.ജെ.പി. കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽകൃഷ്ണനാണ്, ഇബ്രാഹിംഹാജി മരിക്കുന്നതിനുമുൻപ് അദ്ദേഹത്തിന് അയച്ചുകൊടുത്ത ശബ്ദസന്ദേശം വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്.

വടകരയിലെ ഹോട്ടലിൽനിന്ന് ഭക്ഷണംവാങ്ങി വരുമ്പോഴാണ് സൊസൈറ്റിയുടെതന്നെ വാഹനം, തന്നെ ഇടിപ്പിക്കാൻ ശ്രമിച്ചത്. വടകര പോലീസ് സ്റ്റേഷനിൽനിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് ഇതിനെതിരേ അവിടെ പരാതിനൽകാതിരുന്നത്. എന്തിനാണ് മുഖ്യമന്ത്രിക്കും പോലീസിനും പരാതികൊടുത്തത്, ഒന്നും തരില്ലെന്നുപറഞ്ഞ് പ്രസിഡന്റ് ബഷീർ ഭീഷണിപ്പെടുത്തി. സൊസൈറ്റിയുടെ പ്രസിഡന്റ്, മുൻ പ്രസിഡന്റ്, സെക്രട്ടറി, ഡയറക്ടർ, പരാതിനൽകിയിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർ എന്നിവരാണ് തന്റെ മരണത്തിനുത്തരവാദിയെന്നും ഇബ്രാഹിംഹാജി ശബ്ദസന്ദേശത്തിൽ പറയുന്നു.

2021 മുതൽ 2024 വരെ 57 ലക്ഷത്തിധികം രൂപയാണ് സൊസൈറ്റി അധികൃതർ വാങ്ങിയത്. ലാഭവിഹിതം ഉൾപ്പെടെ 75 ലക്ഷം രൂപ കിട്ടാനുണ്ട്. ഓഹരിവിപണിയിൽനിന്ന് പിൻവലിച്ച പണവും, സ്വർണവും സ്ഥലവും വിറ്റ തുകയുമാണ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. സർക്കാർ അംഗീകൃതസ്ഥാപനമാണ്, കെട്ടിടങ്ങളും റോഡും നിർമിക്കാനുള്ള കരാർ ലഭിക്കാറുണ്ട്, അതിൽ അറുപതുശതമാനംവരെ ലാഭം കിട്ടും. ഒരുലക്ഷത്തിന് 1500 രൂപ ലാഭം തരും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് പണം വാങ്ങിയത്.

തുക ആവശ്യംവരുമ്പോൾ ഒരാഴ്ചമുൻപ് അറിയിച്ചാൽമതിയെന്ന് പറഞ്ഞു. പക്ഷേ, തനിക്ക് ഹൃദയത്തിന് ഉൾപ്പെടെ മൂന്നുശസ്ത്രക്രിയകൾ ഡോക്ടർമാർ നിർദേശിച്ചപ്പോൾ പണത്തിനായി സൊസൈറ്റിയെ സമീപിച്ചു. പക്ഷേ, പണം നൽകാത്തതുകൊണ്ട് ശസ്ത്രക്രിയകൾ മുടങ്ങി. ആരോഗ്യപ്രശ്നം വഷളായി ഇപ്പോൾ ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയിൽ ദുരിതമനുഭവിക്കുകയാണ്.

നിക്ഷേപത്തിനുപുറമേ സൊസൈറ്റിയുടെ ഡയറക്ടർ റനീഷിന് 11 ലക്ഷം സെക്രട്ടറി ഇടപെട്ട് കൊടുപ്പിച്ചു. കണ്ണൂരിലെ മിലിട്ടറി കാൻറീനിൽ സാധനങ്ങൾ വിതരണംചെയ്യുന്നയാളാണ്, അതിന്റെ ലാഭവിഹിതം കിട്ടുമെന്നുപറഞ്ഞാണ് പണം കൊടുപ്പിച്ചത്. അതിൽ ഒരു ലക്ഷമേ തിരിച്ചുകിട്ടിയുള്ളൂ. വീടില്ലാത്ത തനിക്ക് താമസിക്കാൻ വീട് പണിതുതരാമെന്നുപറഞ്ഞ് 22 ലക്ഷം വാങ്ങി സൊസൈറ്റിയിലെ നിക്ഷേപത്തിന് കള്ളച്ചെക്ക് തന്ന് വഞ്ചിച്ചു.

ലാഭവിഹിതം കിട്ടാതെ വന്ന് സൊസൈറ്റിയിൽ ചെന്നപ്പോൾ, ഡയറക്ടർ റനീഷിനാണ് സൊസൈറ്റിക്കല്ല പണം നൽകിയതെന്നുപറഞ്ഞ് അതിന്റെ ഭരണസമിതി ‌ഒഴിയാൻ ശ്രമിച്ചു. കരാറിലും ബോണ്ടിലും തന്റെ ഒപ്പല്ല എന്നാണ് സൊസൈറ്റി മുൻ പ്രസിഡന്റ് സുധീർകുമാർ പോലീസിനോട് പറഞ്ഞത്. എല്ലാവരുംചേർന്ന് പരിഹാരമുണ്ടാക്കിത്തന്നില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്നും ഉത്തരവാദികളായവരെ ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കണമെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു.

ശബ്ദസന്ദേശം പോലീസിന് കൈമാറും- പ്രഫുൽകൃഷ്ണൻ

ഇബ്രാഹിംഹാജിയുടെ ശബ്ദസന്ദേശം പോലീസിന് കൈമാറുമെന്നും അത് മരണമൊഴിയായി സ്വീകരിക്കണമെന്നും പ്രഫുൽകൃഷ്ണൻ വാർത്താസമ്മേളത്തിൽ പറഞ്ഞു. “പൂർണമായും യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹകരണസംഘമാണിത്. എനിക്കയച്ച ശബ്ദസന്ദേശത്തിൽ കൃത്യമായി പ്രതികളുടെ പേരും പരാമർശിച്ചിട്ടുണ്ട്. ഡി.സി.സി. സെക്രട്ടറി സുധീർകുമാറിന്റെ നേതൃത്വത്തിലാണ് ഈ സംഭവം നടന്നത്. കൂടാതെ ദിലീപ് കുമാർ, ബഷീർ അഹമ്മദ്, വീണ, മജീദ് ഹാജി, ഹുസൈൻ, റനീഷ് എന്നിവരുടെ പേരും വ്യക്തമാക്കിയിട്ടുണ്ട്” -പ്രഫുൽകൃഷ്ണൻ പറഞ്ഞു.

സുധീർകുമാറിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ്‌ ചെയ്തു

നിക്ഷേപത്തുക തിരിച്ചുകിട്ടാതെ ഇടപാടുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി. സുധീർകുമാറിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ്‌ ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു.

ഡി.സി.സി. സെക്രട്ടറിയായിരുന്ന സുധീറിനെ ഒന്നരവർഷം മുൻപ് ഗുരുതര സംഘടനാവീഴ്ചയെത്തുടർന്ന് പദവിയിൽനിന്ന് നീക്കിയിരുന്നു. പക്ഷേ, സുധീർകുമാർ സജീവ പാർട്ടിപ്രവർത്തകനാണ്. പാർട്ടിക്ക് പൊതുസമൂഹത്തിന്റെ മുമ്പിൽ അവമതിപ്പ് ഉണ്ടാക്കിയതുകൊണ്ടാണ് ഇപ്പോൾ സസ്പെൻഡ് ചെയ്യുന്നത്. സൊസൈറ്റിയുമായി കോൺഗ്രസിന് ഒരുബന്ധവുമില്ലെന്നും പ്രവീൺകുമാർ അറിയിച്ചു.

സൊസൈറ്റിയിൽ കോൺഗ്രസ് അംഗത്വമുള്ളവരും അല്ലാത്തവരുമുണ്ട്. അത്തരക്കാരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. നിലവിൽ കോൺഗ്രസ് നേതാക്കൾക്ക് ആർക്കെങ്കിലും അതിൽ പങ്കുണ്ടെങ്കിൽ കെ.പി.സി.സി.യുമായി കൂടിയാലോചിച്ച് നടപടിയെടുക്കും.

ഇരകൾക്ക് നീതിലഭിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകണം. യഥാർഥ കുറ്റക്കാരെ കണ്ടെത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!