മാർച്ചുകൾ നേരിടാനെത്തുന്നത് വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന ഹെൽമെറ്റുമായി; സുരക്ഷയ്ക്ക് ഇത് മതിയോ?
കണ്ണൂർ: രാഷ്ട്രീയപ്പാർട്ടികളുടെ മാർച്ചുകളും അക്രമസംഭവങ്ങളും നേരിടാനിറങ്ങുന്ന പോലീസ് ഉപയോഗിക്കുന്നത് ഏറെപ്പഴക്കമുള്ള സർവീസ് ഹെൽമെറ്റും സംരക്ഷിത കവചങ്ങളും. ഇവയ്ക്ക് ചുരുങ്ങിയത് 10 വർഷത്തെ പഴക്കമെങ്കിലും ഉണ്ടാകുമെന്നാണ് പോലീസുകാർ പറയുന്നത്. സംഘർഷങ്ങളിൽ പരിക്കേൽക്കുന്നത് കൂടിവരുന്ന സാഹചര്യത്തിൽ പോലീസുകാർ ഹെൽമെറ്റ് നിർബന്ധമായും ധരിക്കണമെന്ന് ഡി.ജി.പി. ഉത്തരവിറക്കിയിരുന്നു. ഇതോടെ സർവീസ് ഹെൽമെറ്റില്ലാത്ത പോലീസുകാർ സാധാരണ ഹെൽമെറ്റ് ധരിച്ച് സംഘർഷമേഖലയിലെത്തുന്നു. കഴിഞ്ഞദിവസം എസ്.എഫ്.ഐ. നടത്തിയ മാർച്ച് നേരിടാൻ തിരുവനന്തപുരത്തുൾപ്പെടെ സാധാരണ ഹെൽമെറ്റ് ധരിച്ചാണ് പോലീസുകാരെത്തിയത്. കണ്ണൂരിൽ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിന്റെ ഹെൽമെറ്റ് തകരുകയും പ്രവർത്തകർ ലാത്തി പൊട്ടിച്ചെറിയുകയും ചെയ്തിരുന്നു. ‘ബോഡി പ്രൊട്ടക്ടർ’ വലുത് ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
സംഘർഷമേഖലയിൽ പഴക്കംചെന്ന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ എന്ത് സുരക്ഷയാണ് ആഭ്യന്തരവകുപ്പ് നൽകുന്നതെന്നാണ് സേനാംഗങ്ങൾ ചോദിക്കുന്നത്.
ഹെൽമെറ്റും സംരക്ഷിതകവചങ്ങളും നൽകുന്നത്
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും 10 സർവീസ് ഹെൽമെറ്റ് വീതം സൂക്ഷിക്കുന്നുണ്ട്. സമരങ്ങളോ മറ്റ് സംഘർഷങ്ങളോ ഉണ്ടാകുമ്പോൾ ഇവ ഉപയോഗിക്കണമെന്നാണ് നിർദേശം.
കൂടുതൽ പോലീസുകാർ ഡ്യൂട്ടിക്കെത്തിയാൽ ഇവർക്കുകൂടി സർവീസ് ഹെൽമെറ്റും ഷീൽഡും മറ്റ് സംരക്ഷിതകവചവും നൽകണം. തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുള്ള സെൻട്രൽ സ്റ്റോറിൽ നിന്നാണ് ജില്ലാ പോലീസ് സ്റ്റോറുകളിലേക്ക് ഹെൽമെറ്റും സംരക്ഷിത കവചങ്ങളും എത്തിക്കുന്നത്.
ഉപകരണങ്ങളുടെ കുറവിനനുസരിച്ചോ പോലീസ് സ്റ്റേഷനിലെ അംഗബലത്തിനനുസരിച്ചോ ആണ് ഇവ അനുവദിക്കുന്നത്. പോലീസുകാരന്റെ പേരും െഎ.ഡി. നമ്പറും നൽകിയാൽ ഇവ ലഭിക്കും. ഉപയോഗം കഴിഞ്ഞ് തിരികെ നൽകുകയും വേണം. ഇവ സ്റ്റോറിൽ സൂക്ഷിക്കും. ആവശ്യത്തിനനുസരിച്ച് പോലീസ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുന്നതാണ് രീതി.
പലപ്പോഴും ഉപയോഗിക്കുന്നത് ‘സാധാരണ ഹെൽമെറ്റ്’
രാഷ്ട്രീയ മാർച്ചുകളിലും അക്രമസംഭവങ്ങളും നേരിടാനിറങ്ങുന്ന പോലീസ് സേനയ്ക്ക് പലപ്പോഴും ആശ്രയം വാഹനം ഓടിക്കുമ്പോൾ ഉപയോഗിക്കുന്ന സാധാരണ ഹെൽമെറ്റാണ്. 500 മുതൽ 700 രൂപ വരെ വിലവരുന്ന ഇവ ധരിച്ച് സംഘർഷം നേരിടുന്നത് അപകടസാധ്യത കൂട്ടും.
