മിണ്ടാതെ ഉരിയാടാതെ, പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി

Share our post

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യത്തോട് മുഖം തിരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇ ഡി റെയ്ഡുമായി ബന്ധപ്പെട്ട  ചോദ്യത്തോട് മുഖം തിരിക്കുന്ന സമീപനമായിരുന്നു വി ഡി സതീശൻ സ്വീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു സീതശനോട്  ചോദ്യം ഉയർത്തിയത്. ഒരക്ഷരം സംസാരിക്കാതെ മുഖ്യമന്ത്രി തിരിഞ്ഞ് നടക്കുകയായിരുന്നു.

അതിനിടെ ഇ ഡി റെയ്ഡിന് പിന്നാലെ പ്രതികരണവുമായി പിണറായി വിജയന്‍ രംഗത്തെത്തി. ഇതുകൊണ്ടൊന്നും തങ്ങളെ തളര്‍ത്തിക്കളയാണെന്ന് ആരും കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീട്ടില്‍ കയറിയുളള പരിശോധന ഇ ഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഈ പരിശോധന രാഹുല്‍ ഗാന്ധിക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ അല്ലാത്ത മറ്റുളള പാര്‍ട്ടിക്കാര്‍ക്കെതിരെ ഇ ഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുളളതെന്നും ഇതുകൊണ്ടൊന്നും തങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി പരിശോധനയ്ക്ക് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പരിശോധന പൂര്‍ത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ മടങ്ങി. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയ്ക്കും മൊഴിയെടുപ്പിനും ശേഷമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ എഴുതി നല്‍കി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ ചില്ല് സിപിഎം പ്രവർത്തകർ അടിച്ചു തകര്‍ക്കുകയും ചെയ്തു. വാഹനം വളഞ്ഞിട്ടായിരുന്നു അതിക്രമം. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പൊലീസും നേതാക്കളും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറും ചെരുപ്പേറും ഉണ്ടായി.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ വാടക വീട്ടിന് മുന്നിലും കണ്ണൂരില്‍ പിണറായി വിജയന്റെ വസതിക്ക് മുന്നിലും ഇ ഡിക്കെതിരെ സിപിഐഎം അണികള്‍ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. അണികളും പ്രവര്‍ത്തകരും നേതാക്കളും തെരുവിലാണ്. വി ഡി സതീശന്റേത് ഉള്‍പ്പെടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് റെയ്ഡ് നടത്തിയതെന്നും അത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമാണ് എന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പിണറായി വിജയന്റെ തലസ്ഥാനത്തെ വാടകവീട്, കണ്ണൂരിലെ വീട്, മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട്, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ കൊച്ചിയിലെ വീട്, ആലുവയിലെ സിഎംആര്‍എല്‍ ഓഫീസ്, ബെംഗളൂരുവിലെ എക്സാലോജിക് ഓഫീസ്, ശശിധരന്‍ കര്‍ത്തയുമായി ബന്ധപ്പെട്ട മറ്റു രണ്ടിടങ്ങള്‍ ഉള്‍പ്പെടെ 12 ഇടങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!