കേരളത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ വൻ ഇടിവ്, കാരണം പഠിച്ച് പരിഹരിക്കണമെന്ന് മന്ത്രി
എടപ്പാൾ: മോട്ടോർവാഹന വകുപ്പിൽ രജിസ്റ്റർചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻതോതിൽ കുറവുവരുന്നതായി മന്ത്രി സി.പി. ജോൺ. ഇതേക്കുറിച്ച് വിശദമായ അന്വേഷണംനടത്തി അതിന്റെ കാരണം കണ്ടെത്താനും അതില്ലാതാക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോർവാഹന വകുപ്പിനുകീഴിൽ കണ്ടനകത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനമായാണ് രജിസ്‌ട്രേഷൻ കുറഞ്ഞത്. 10 ലക്ഷമുണ്ടായിരുന്നത് ഏഴുലക്ഷമായി. പാലക്കാട് ജില്ലയിലും 10 ശതമാനത്തിന്റെ കുറവുണ്ട്.
നാഗാലാൻഡ് പോലുള്ള സംസ്ഥാനങ്ങളിലാണ് ഇവ രജിസ്റ്റർ ചെയ്യുന്നത്. അതുകൊണ്ട് വാഹന ഉടമകൾക്ക് എന്തു ലാഭമാണുണ്ടാകുന്നതെന്നു പരിശോധിച്ചുവേണം തുടർനടപടിയെടുക്കാൻ. സർക്കാരിന്റെ നല്ലൊരു വരുമാനമാർഗമാണിത്. ഇതിലെ കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകും.
മലപ്പുറത്തെ ആർ.ടി.എ. ഓഫീസുകളിൽ വലിയ ജോലിത്തിരക്കുണ്ട്. ഓഫീസിൽ സൗകര്യം കുറവുമാണ്. 7335 കോടി രൂപ സർക്കാരിന് നേടിക്കൊടുക്കുന്ന വകുപ്പാണിത്. അതിന്റെ ചെറിയൊരു ശതമാനം തിരിച്ചുതന്നാൽ നല്ല ഓഫീസുകളുണ്ടാക്കാം. ഇതൊരു പ്രത്യേക പ്രോജക്ടായി എടുത്ത് ജില്ലാ ആസ്ഥാനങ്ങളിലെ ഓഫീസുകൾ നന്നാക്കി കൂടുതൽ പരിശീലനങ്ങൾക്കും മറ്റും സംവിധാനമുണ്ടാക്കും.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ യാർഡുകളുടെ അഭാവമുണ്ട്. ഇതും പരിഹരിക്കും. ഇതോടെ വരുമാനവും വർധിപ്പിക്കാം. ഇതിനുള്ള നടപടികൾ ഘട്ടംഘട്ടമായി നടപ്പാക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
