സാഹോദര്യം വിളിച്ചോതി അറഫ സംഗമം; നാളെ ബലിപെരുന്നാൾ
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ മിനായിലേക്ക് ഒഴുകിയെത്തി. 182 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ അറഫാ മൈതാനിയിൽ സംഗമിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ തീർഥാടകർ തമ്പുകളുടെ നഗരിയായ മിനായിലേക്ക് പ്രവാഹം തുടങ്ങിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇവർ മിനായിൽനിന്ന് അറഫയിലേക്ക് നീങ്ങി.
ഉച്ചയ്‌ക്ക് നമിറാ പള്ളിയിൽ അറഫാ പ്രഭാഷണം നടന്നു. സൗദിയിലെ പ്രമുഖ പണ്ഡിതനും മദീനയിലെ മസ്ജിദുന്നബവിയിലെ ഇമാമുമായ ഷെയ്ഖ് അബ്ദുറഹ്‌മാൻ അൽ ഹുദൈഫി ഖുതുബ (പ്രഭാഷണം) നിർവ്വഹിച്ചു.
തീർഥാടകർ അസ്‌തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിത്തുടങ്ങും. ബുധനാഴ്ച രാവിലെ ഇവർ വീണ്ടും മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസത്തെ രാപ്പാർപ്പും ബലി കർമവും ജംറകളിലെ കല്ലേറും പൂർത്തിയാക്കുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും. ബുധനാഴ്ച സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ആഘോഷിക്കും. കേരളത്തിലും നാളെയാണ് ബലിപെരുന്നാൾ.
